എന്റെ കേരളം പ്രദര്‍ശന വിപണനമേള കോട്ടയത്ത്; ജനങ്ങളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും
1537755
Sunday, March 30, 2025 1:59 AM IST
കോട്ടയം: സംസ്ഥാന മന്ത്രിസഭയുടെ നാലാം വാര്‍ഷികം ജില്ലയില്‍ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. ജില്ലാതല ആഘോഷപരിപാടികളുടെ ഭാഗമായി എന്റെ കേരളം പ്രദര്‍ശന വിപണനമേള ഏപ്രില്‍ 25 മുതല്‍ മേയ് ഒന്നുവരെ കോട്ടയം നാഗമ്പടം മൈതാനത്തു നടക്കും.
വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സമൂഹത്തിലെ വിവിധ തുറകളില്‍പ്പെട്ടവരുമായി മുഖ്യമന്ത്രി പിണറായി വിജയന് നടത്തുന്ന കൂടിക്കാഴ്ച 29ന് രാവിലെ 10.30 മുതല്‍ കോട്ടയം ഈരയില്‍ക്കടവ് ആന്‍സ് കണ്വന്ഷന് സെന്ററില്‍ നടക്കും.
വാര്‍ഷികാഘോഷപരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടു മന്ത്രി വി.എന്‍. വാസവന് ചെയര്‍മാനായും ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ ജനറല്‍ കണ്‍വീനറുമായി സംഘാടക സമിതി രൂപീകരിച്ചു.
എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ വികസനനേട്ടങ്ങളുടെ പ്രദര്‍ശനവും പൊതുജനങ്ങള്‍ക്കുള്ള വിവിധ സേവനവും ലഭ്യമാക്കും. മേളയോടനുബന്ധിച്ചു സംസ്കാരിക ഘോഷയാത്ര, വിവിധ മേഖലകളിലുള്ളവരെ ആദരിക്കല്‍, ഭക്ഷ്യമേള, പുസ്തകമേള, കാര്‍ഷികമേള തുടങ്ങിയവ സംഘടിപ്പിക്കും.
എല്ലാ ദിവസവും കലാകാരന്മാര് പങ്കെടുക്കുന്ന കലാ, സാംസ്കാരിക പരിപാടികളും അരങ്ങേറും.