വെച്ചൂരിൽ അഞ്ചുമനമുട്ട് സ്ഥാപിക്കുന്നിടത്ത് ചീപ്പ് നിർമിക്കാൻ പഞ്ചായത്ത് പദ്ധതി
1538010
Sunday, March 30, 2025 7:01 AM IST
വെച്ചൂർ: വേമ്പനാട്ടുകായലും നാട്ടുതോടും ചേരുന്നിടത്ത് ഓരുവെള്ളത്തെ തടയുന്നതിനായി സ്ഥാപിക്കുന്ന അഞ്ചുമന ഓരുമുട്ടിനു പകരം ഷട്ടറോടുകൂടിയ ചീപ്പ് നിർമിക്കാൻ പഞ്ചായത്ത് പദ്ധതി.
27, 62,870 രൂപയാണ് പഞ്ചായത്ത് ചീപ്പ് നിർമിക്കാൻ ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. അഞ്ചുമനമുട്ടടക്കം 3.75 ലക്ഷം രൂപ വിനിയോഗിച്ച് 11 ഓരുമുട്ടുകളാണ് പഞ്ചായത്ത് കൃഷിസംരക്ഷണത്തിനായി ഇട്ടുവരുന്നത്. ഇതിൽ വലുതാണ് അഞ്ചുമന ഓരുമുട്ട്.
വേമ്പനാട്ടുകായലിൽ വേലിയേറ്റമുണ്ടാകുമ്പോൾ തോട് കരകവിഞ്ഞ് ഇരുകരകളിലും പുറം ബണ്ടിനകത്തുമുള്ള 50ഓളം കുടുംബങ്ങൾ വെള്ളപ്പൊക്ക ദുരിതത്തിലാകും.
തോടിനു കിഴക്ക് ഭാഗത്തെ 50 ഏക്കർ വിസ്തൃതിയുള്ള കട്ടപ്പുറം മുരിയൻകേരി പാടശേഖരത്തിൽ 35 ഏക്കറോളം വ്യവസായ ഗ്രൂപ്പ് വിലയ്ക്കു വാങ്ങി വർഷങ്ങളായി തരിശിടുകയും തോടിനോടു ചേർന്നുള്ള ബണ്ടിൽ കെഎൽഡിസി നിർമിച്ച ബണ്ടിലെ 400 മീറ്ററോളം വെട്ടിനിരത്തുകയും ചെയ്തതാണ് വെള്ളപ്പൊക്ക ദുരിതം വർധിപ്പിച്ചതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.
കൃഷിക്കും പ്രദേശവാസികളുടെ വെളളപ്പൊക്ക ദുരിതത്തിനും പരിഹാരം കാണുന്നതിന്റെയും ഭാഗമായാണ് ചീപ്പു നിർമിക്കുന്നതിന് തീരുമാനിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ഷൈല കുമാർ പറഞ്ഞു.