പണയ സ്വര്‍ണം തിരിച്ചെടുത്ത് വീട്ടില്‍ കൊണ്ടുവന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ മോഷണം
1537999
Sunday, March 30, 2025 6:56 AM IST
കോട്ടയം: പണയത്തിലിരുന്ന സ്വര്‍ണം എടുത്ത് വീട്ടില്‍ കൊണ്ടുവന്നു മണിക്കൂറുകള്‍ക്കുള്ളില്‍ മോഷണം. കളത്തില്‍പ്പടിയിലാണ് സംഭവം. കളത്തില്‍പ്പടി തൊട്ടിയില്‍ ജയ്നമ്മ ജോയിയുടെ വീട്ടിലാണു വെള്ളിയാഴ്ച വൈകുന്നേരത്തോടെ കവര്‍ച്ച നടന്നത്. പിന്‍ഭാഗത്തെ കതക് കുത്തിത്തുറന്നു വീടിനുള്ളില്‍ കയറിയാണ് അഞ്ച് പവന് സ്വര്‍ണവും 3500 രൂപയും കവര്‍ന്നത്.
അലമാരയില്‍ സൂക്ഷിച്ചിരുന്ന ജയ്നമ്മയുടെ മകളുടെ മൂന്നു പവന് തൂക്കമുള്ള ഷോ മാല, വള, കമ്മല്‍, മോതിരം എന്നിവയാണ് നഷ്ടപ്പെട്ടത്. ജയ്നമ്മയുടെ മകന് കഞ്ഞിക്കുഴി സര്‍വീസ് സഹകരണ ബാങ്കില്‍ പണയത്തില്‍ വച്ചിരുന്ന സ്വര്‍ണം തിരിച്ചെടുത്ത് വെള്ളിയാഴ്ച 12നാണു വീട്ടില്‍ ഏല്പിച്ചത്. തുടര്‍ന്ന് കൈവശം ഉണ്ടായിരുന്ന രണ്ട് ഗ്രാം മോതിരം, മൂന്നരഗ്രാം വരുന്ന കമ്മല്‍, 3500 രൂപ എന്നിവയോടൊപ്പം തിരിച്ചെടുത്ത പണയ ആഭരണങ്ങളും ചേര്‍ത്ത് അലമാരയില്‍ സൂക്ഷിച്ചു.
തുടര്‍ന്ന് ജയ്നമ്മയും മകളും കൊച്ചുമകനുമായി കുട്ടിയുടെ തെറാപ്പി സ്കൂളിലേക്ക് ഉച്ചകഴിഞ്ഞ് രണ്ടിനു പോയി. അഞ്ചിനു തിരിച്ചെത്തിയപ്പോഴാണു കവര്‍ച്ചാ വിവരം മനസിലാക്കിയത്. തുടര്‍ന്ന് ഈസ്റ്റ് പോലീസ് അധികൃതരെ വിവരം അറിയിച്ചു. വിരലടയാളം വിദഗ്ധരും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.