കൃഷിക്കും മൃഗസംരക്ഷണ മേഖലയ്ക്കും പാര്‍പ്പിട മേഖലയ്ക്കും മുന്‍ഗണന നല്കി മുളക്കുളം പഞ്ചായത്ത് ബജറ്റ്
1538021
Sunday, March 30, 2025 7:06 AM IST
പെരുവ: കൃഷിക്കും മൃഗസംരക്ഷണ മേഖലയ്ക്കും പാര്‍പ്പിട മേഖലയ്ക്കും മുന്‍ഗണന നല്കി മുളക്കുളം പഞ്ചായത്ത് ബജറ്റ്. 28.68 കോടി രുപ വരവും 27.27 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന 2025-26 വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് ഷീല ജോസഫ് അവതരിപ്പിച്ചു. കാര്‍ഷിക മേഖലയ്ക്ക് 1.5 കോടി രൂപയും പാര്‍പ്പിട മേഖലയ്ക്ക് 1.25 കോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ ഭവനനിര്‍മാണ പദ്ധതിയും തൊഴിലുറപ്പ് പദ്ധതിയും ക്ഷേമപെന്‍ഷനും നടപ്പിലാക്കുന്നതിനുള്ള തുകയും ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി 79.30 ലക്ഷം രൂപ, മാലിന്യനിര്‍മാജന പ്രവര്‍ത്തനങ്ങള്‍ക്കായി 45.03 ലക്ഷം രൂപ, വയോജനങ്ങളുടെയും ശാരീരിക, മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെയും ആരോഗ്യപരിരക്ഷയും സുരക്ഷിതത്വവും മാനസിക ഉല്ലാസവും ഉറപ്പാക്കുന്നതിനുള്ള പദ്ധതിക്കായി 45.70 ലക്ഷം രൂപ,
ഗ്രാമീണ റോഡുകളുടെ നിര്‍മാണത്തിനും നവീകരണത്തിനും പ്രാധാന്യം നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി 2.20 കോടി രൂപ, വനിതാ -ശിശുക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി 14.05 ലക്ഷം രൂപ, പട്ടികജാതി വിഭാഗം ജനങ്ങളുടെ പുരോഗതിക്കായി ഉത്പാദന, സേവന, പശ്ചാത്തല മേഖലയില്‍ 65 ലക്ഷം രൂപ,
വരള്‍ച്ചബാധിത പ്രദേശങ്ങളില്‍ കുടിവെള്ള വിതരണത്തിന് 20.40 ലക്ഷം രൂപ, ചെറുകിട വ്യവസായങ്ങള്‍, പരമ്പരാഗത കൈത്തൊഴില്‍, സേവനസംരംഭങ്ങള്ക്കായി പത്ത് ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ബജറ്റ് അവതരണയോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. വാസുദേവന്‍ നായര്‍ അധ്യക്ഷത വഹിച്ചു.