പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി
1538001
Sunday, March 30, 2025 6:56 AM IST
കോട്ടയം: ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ 156 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി. ഇവ തുടർനടപടികൾക്കായി നഗരസഭാ അധികൃതർക്ക് കൈമാറി.
കോട്ടയം മാർക്കറ്റ് മേഖലയിലെ എംഎൽ റോഡിൽ അഭിലാഷ് തിയേറ്ററിനു പിന്നിൽ പ്രവർത്തിച്ചുവരുന്ന കോട്ടുമല ട്രേഡ് ലിങ്ക്സ് എന്ന സ്ഥാപനത്തിൽനിന്ന് പേപ്പർ കപ്പ്, പേപ്പർപ്ലേറ്റ്, പ്ലാസ്റ്റിക് കാരിബാഗ്, പേപ്പർ ലീഫ് എന്നിവ ഉൾപ്പെടെയുള്ള വസ്തുക്കളാണ് പിടികൂടിയത്.
ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 2025 ജനുവരി മുതൽ മാർച്ച് 29 വരെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ 372 പരിശോധനകളിൽ നിന്നായി 8,93,000 രൂപ പിഴ ചുമത്തി.
വരുംദിവസങ്ങളിൽ ജില്ലാ സ്ക്വാഡിനുപുറമേ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വിജിലൻസ് സ്ക്വാഡിന്റെയും ബ്ലോക്കുതല ഐവിഒ സ്ക്വാഡിന്റെയും നിരീക്ഷണം ശക്തമാക്കുമെന്ന് ജില്ലാ ശുചിത്വമിഷൻ അധികൃതർ വ്യക്തമാക്കി.