ഏറ്റുമാനൂർ സമ്പൂർണ മാലിന്യമുക്ത നഗരസഭ
1538005
Sunday, March 30, 2025 7:01 AM IST
ഏറ്റുമാനൂർ: ഏറ്റുമാനൂർ നഗരസഭയെ സമ്പൂർണ മാലിന്യമുക്ത നഗരസഭയായി പ്രഖ്യാപിച്ചു. മാലിന്യമുക്ത നവകേരള പരിപാടിയുടെ ഭാഗമായാണ് പ്രഖ്യാപനം.
ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീന ഷാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ ചെയർപേഴ്സൺ ലൗലി ജോർജ് പടികര പ്രഖ്യാപനം നടത്തി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എസ്. വിശ്വനാഥൻ,
കൗൺസിലർ ഇ.എസ്. ബിജു, കാരിത്താസ് ആശുപത്രി അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജിനു കാവിൽ, എസ്എഫ്എസ് സ്കൂൾ പ്രിൻസിപ്പൽ റവ.ഡോ.പി.കെ. റോയി, മുനിസിപ്പൽ സെക്രട്ടറി ബിനുജി ജി, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ അജിത്കുമാർ എൻ.കെ. എന്നിവർ പ്രസംഗിച്ചു. ക്ലീൻസിറ്റി മാനേജർ അഞ്ജു കെ. തമ്പി വിഷയാവതരണം നടത്തി.
നഗരസഭയിലെ വിവിധ വാർഡുകളിൽനിന്നും നിർവഹണ സമിതി തെരഞ്ഞെടുത്ത മാലിന്യ നിർമാർജനത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സ്കൂളുകൾക്കും ഹരിത കർമസേനയ്ക്കും നഗരസഭ സാനിട്ടേഷൻ തൊഴിലാളികൾക്കും പേരൂർ കവലയിൽ പൂന്തോട്ടം നിർമിച്ച ഓട്ടോറിക്ഷാ തൊഴിലാളികൾക്കും പുരസ്കാരങ്ങൾ നൽകി.
സമ്പൂർണ മാലിന്യ നിർമാർജനത്തിന്റെ ഭാഗമായി നഗരസഭയുടെ വിവിധ സ്ഥലങ്ങളിൽ ബോട്ടിൽ ബൂത്തുകളും ട്വിൻ ബിന്നുകളും സ്ഥാപിച്ചു. സർക്കാർ സ്ഥാപനങ്ങളിൽ ജൈവ-അജൈവ മാലിന്യങ്ങൾ തരംതിരിച്ച് സൂക്ഷിക്കുന്നതിന് ട്വിൻ ബിന്നുകൾ നൽകി.
വിവിധ സ്ഥലങ്ങളിൽ മാലിന്യ നിർമാർജന സന്ദേശം നൽകുന്ന ബോർഡുകൾ സ്ഥാപിച്ചു. ചുമർചിത്രങ്ങൾ വരച്ചു. വീടുകളിൽ ജൈവമാലിന്യ സംസ്കരണത്തിന് ജി ബിന്നുകൾ വിതരണം ചെയ്തു. പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തി പിഴ ഈടാക്കി.