പാഡി മാര്‍ക്കറ്റിംഗ്, സിവില്‍ സപ്ലൈസ് വിഭാഗങ്ങള്‍ മെല്ലെപ്പോക്കില്‍ : മില്ലുകാര്‍ സംഭരിച്ച നെല്ലിന്റെ പിആര്‍എസ് എഴുതി നല്കാന് വൈകുന്നു
1538024
Sunday, March 30, 2025 7:06 AM IST
ചങ്ങനാശേരി: പാടശേഖരങ്ങളില്‍നിന്നും മില്ലുകാര്‍ സംഭരിച്ച നെല്ലിന്റെ പിആര്‍എസ് സിവില്‍സപ്ലൈസ് വകുപ്പ് കര്‍ഷകര്‍ക്കു നല്കാന് വൈകുന്നു. പിആര്‍എസ് പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍മാര്‍ യഥാസമയം പരിശോധിച്ച് അംഗീകാരം നല്‍കുന്നതിനും കാലതാമസം. ആശങ്ക അകലാതെ നെല്‍കര്‍ഷകര്‍.
നെല്‍കര്‍ഷക പ്രതിനിധികളും സംസ്ഥാന പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍, സിവില്‍ സപ്ലൈസ് ഡയറക്ടര്‍, കൃഷി ഡയറക്ടര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കോട്ടയം ജില്ലാ കളക്ടര്‍ വിളിച്ചുകൂട്ടിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ രൂപീകരിച്ച ധാരണകളുടെ ലംഘനമാണിതെന്ന ആക്ഷേപം ഉയരുന്നു.
കൊയ്ത്തുകഴിഞ്ഞ് രണ്ടുദിവസത്തിനകം നിശ്ചയിക്കപ്പെട്ടിരിക്കുന്ന മില്ലുകാര്‍ നെല്ല് സംഭരിക്കണമെന്നും തടസമുണ്ടായാല്‍ പാഡി ഓഫീസര്‍മാര്‍ ഇടപെട്ട് സംഭരണം വേഗത്തിലാക്കണമെന്നും ഇതിനുശേഷം മൂന്നുദിവസത്തിനകം പിആര്‍എസ് എഴുതി കര്‍ഷകര്‍ക്ക് നല്‍കണമെന്നുമായിരുന്നു തീരുമാനം. എന്നാല്‍ കുട്ടനാട്, അപ്പര്‍കുട്ടനാട് മേഖലകളിലെ പല പാടശേഖരങ്ങളിലും നെല്ലെടുപ്പ് തടസപ്പെടുന്നുവെന്നു മാത്രമല്ല, സംഭിച്ച നെല്ലിന്റെ പിആര്‍എസ് എഴുതി നല്കുന്നില്ലെന്നുമാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
പിആര്‍എസ് വൈകുന്നത് നെല്ലിന്റെ വില ലഭിക്കാന്‍ കാലതാമസത്തിന് ഇടയാക്കുമെന്നും കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. കുട്ടനാട്ടില്‍ പാടശേഖരങ്ങളിലെ നെല്ലു നീക്കത്തിനു വേഗത പോരെന്നാണ് കര്‍ഷകര്‍ പറയുന്നത്.
പായിപ്പാട് കൃഷിഭവന്റെ കീഴിലുള്ള പൂവം പാടശേഖരത്ത് കൊയ്ത്തു തുടങ്ങിയിട്ട് 10 ദിവസമായെങ്കിലും മില്ലുകാര്‍ വന്നുനോക്കിയിട്ട് പോയതല്ലാതെ സംഭരണം സംബന്ധിച്ച് ഒരു ധാരണയുമായിട്ടില്ലെന്ന് പാടശേഖരസമിതി ഭാരവാഹികള്‍ പറഞ്ഞു. 640 ഏക്കറുള്ള പാടശേഖരത്തില്‍ 100 കര്‍ഷകരാണുള്ളത്.
വാഴപ്പള്ളി കൃഷിഭവന്റെ കീഴിലുള്ള ഓടേറ്റി തെക്ക് മഴമൂലം കൊയ്ത്തു നിര്‍ത്തിവച്ചിരുന്നു. കൊയ്ത്തുകഴിഞ്ഞ് നെല്ലു സംഭരണത്തിന് ധാരണയായെങ്കിലും ലോഡ് കയറിപ്പോയിട്ടില്ല. നെല്ല് പാടത്ത് കൂട്ടിയിട്ടിരിക്കുകയാണ്. ഓടേറ്റി വടക്ക് 565 ഏക്കറില്‍ നെല്ല് സംഭരിച്ചെങ്കിലും പിആര്‍എസ് എഴുതിയിട്ടില്ല.
വെളിയനാട് കൃഷിഭവന്റെ കീഴിലുള്ള തൈപ്പറമ്പില്‍ പാടശേഖരത്ത് മില്ലുകാരുമായി കിഴിവ് തര്‍ക്കം തുടരുകയാണ്. സംഭരണവും വൈകുന്നു. കുറിച്ചി കൃഷിഭവന്റെ കീഴില്‍ കരിവട്ടം പാടശേഖരത്തിലെ നെല്ല് സംഭരിച്ചിട്ട് 10 ദിവസമായെങ്കിലും പിആര്‍എസ് എഴുതിയിട്ടില്ല.
നെല്ല് സംഭരണവും പിആര്‍എസ് എഴുതിനല്കലും വൈകുന്നതിനെതിരേ നെല്‍കര്‍ഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധം ഉള്‍പ്പെടെ സമരപരിപാടികള്‍ക്ക് കര്‍ഷകര്‍ ആലോചിക്കുന്നുണ്ട്.