മുക്കുപണ്ടം പണയംവച്ച കേസിൽ പ്രതികള്‍ അറസ്റ്റില്‍
1537998
Sunday, March 30, 2025 6:55 AM IST
പള്ളിക്കത്തോട്: പള്ളിക്കത്തോട്ടില്‍ പ്രവര്‍ത്തിക്കുന്ന നരിപ്പാറ ഫിനാന്‍സില്‍ മുക്കുപണ്ടം പണയം വച്ച കേസിൽ പ്രതികളെ പോലീസ് പിടികൂടി. വാഴൂർ പാണ്ടിമാക്കല്‍ പുരുഷോത്തമന് (വിജയന്), എറണാകുളം കുറുപ്പംപടി ചിറങ്ങരയിൽ ജിജി മാത്യു, തൊടുപുഴ കുഴിയ്ക്കത്തൊട്ടി സുബൈര്‍, കെഴുവന്‍കുളം മുണ്ടാപ്ലാക്കല്‍ മഞ്ജു എന്നിവരെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്.
തൊടുപുഴ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജനാധിപത്യ അവകാശ സംരക്ഷണ സമിതി എന്ന സംഘടനയുടെ പേരില്‍ സംഘടനയുടെ സംസ്ഥാന പ്രസിഡന്റായ മൂന്നാം പ്രതി സുബൈറും കോട്ടയം ജില്ലാ സെക്രട്ടറി പാണ്ടിമാക്കല്‍ പുരുഷോത്തമനും സമിതിയുടെ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ജിജി മാത്യുവും ചേര്‍ന്ന് മുക്കുപണ്ടം സംഘടിപ്പിച്ച് നാലാം പ്രതി മഞ്ജുവിന്റെ കൈവശം കൊടുത്തയച്ച് പരാതിക്കാരിയായ മേരി മാത്യുവിന്റെ പക്കല്‍ എത്തിച്ചു തട്ടിപ്പ് നടത്തുകയായിരുന്നു.
പ്രതികള്‍ പല സംഘടനകളുടെയും പേരില്‍ സമാന രീതിയിലുള്ള തട്ടിപ്പുകള്‍ നടത്തുന്നവരാണെന്നും നിരവധി പരാതികൾ ഇവർക്കെതിരേ ഉയർന്നിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
പുരുഷോത്തമന്റെ പേരില്‍ പാലാ, കോതമംഗലം, പള്ളിക്കത്തോട് സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ട്.
ജിജിയുടെ പേരില്‍ എടത്തല, പെരുമ്പാവൂര്‍, തടിയിട്ടപറമ്പ്, തൃക്കാക്കര എന്നിവടങ്ങളിലും, സുബൈറിന്റെ പേരില്‍ കളമശേരി, തൊടുപുഴ, മൂവാറ്റുപുഴ, തൃക്കാക്കര, കോതമംഗലം, പുത്തന്‍കുരിശ് പോലീസ് സ്റ്റേഷനുകളിലും കേസുകള്‍ നിലവിലുണ്ട്. തൊടുപുഴ-മൂവാറ്റുപുഴ ഭാഗങ്ങളില്‍നിന്നാണ് ഇവരെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.