സ്മാർട്ട് കൃഷിഭവൻ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
1538011
Sunday, March 30, 2025 7:01 AM IST
വൈക്കം: ടിവിപുരം പഞ്ചായത്തിൽ പുതുതായി ആരംഭിക്കുന്ന സ്മാർട്ട് കൃഷിഭവന്റെ നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ആദ്യനിലയുടെ വാർക്കൽ കഴിഞ്ഞു. ചെമ്മനത്തുകരയിൽ പഞ്ചായത്ത് അനുവദിച്ച ആറു സെന്റ് സ്ഥലത്ത് രണ്ടു നിലകളിലായാണ് കൃഷിഭവൻ പണിയുന്നത്. നബാർഡ് ആർഐഡിഎഫ് 2022-2023 സാമ്പത്തിക വർഷത്തിൽ അനുവദിച്ച 1.41 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്.
താഴത്തെ നില 151.30 ചതുരശ്ര മീറ്ററിലും മുകളിലത്തെ നില 148.22 ചതുരശ്ര മീറ്ററിലുമാണ് നിർമിക്കുന്നത്. കെഎൽഡിസിക്കാണ് നിർമാണച്ചുമതല. താഴത്തെ നിലയിൽ ഫ്രണ്ട് ഓഫീസ്, ഇക്കോ ഷോപ്പ്, ബയോ ഫാർമസി, ഓഫീസ് മുറികളും രണ്ടാമത്തെ നിലയിൽ പ്ലാന്റ് ഹെൽത്ത് ക്ലിനിക്, സെമിനാർ ഹാൾ എന്നിവയുമാണ് ഉൾപ്പെടുന്നത്.
കൃഷിഭവനുകളെ നവീനവത്കരിക്കുന്നതിനും നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി സേവനങ്ങൾ കൃത്യതയോടും സമയബന്ധിതമായും കർഷകരിലേക്ക് എത്തിക്കുന്നതിനായി രൂപീകരിച്ച പദ്ധതിയാണ് സ്മാർട്ട് കൃഷിഭവൻ.
കാർഷികസേവനങ്ങൾ പൂർണമായും ഓൺലൈനാക്കി പേപ്പർരഹിത ഓഫീസ് സംവിധാനം ഏർപ്പെടുത്തുക, കർഷകർക്ക് തിരിച്ചറിയൽ കാർഡുകൾ ലഭ്യമാക്കുക, പ്ലാന്റ് ഹെൽത്ത് ക്ലിനിക് മുഖേന വിളപരിപാലന പരിപാടികൾ ഏകോപിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ സ്മാർട്ട് കൃഷിഭവനിലൂടെ നടപ്പാക്കും.