ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി : ആർടി ഓഫീസ് ഞായറും തിങ്കളും പ്രവർത്തിക്കും
1537996
Sunday, March 30, 2025 6:55 AM IST
കോട്ടയം: മോട്ടോർ വാഹന വകുപ്പിന്റെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 31ന് അവസാനിക്കുന്നതിനാൽ ഇന്നും നാളെയും കോട്ടയം ആർടി ഓഫീസ് തുറന്നുപ്രവർത്തിക്കുമെന്ന് ജില്ലാ റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.
റവന്യൂ റിക്കവറി നേരിടുന്നവ, കാലപ്പഴക്കം കൊണ്ട് ഉപയോഗശൂന്യമായി നാലുവർഷത്തിലധികമായി നികുതി അടയ്ക്കാത്തവ, വർഷങ്ങളായി ഉടമസ്ഥാവകാശം കൈമാറാത്തവ തുടങ്ങിയ വാഹനങ്ങൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി വഴി നടപടികളിൽനിന്ന് ഒഴിവാകാം. ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് 70 ശതമാനവും സ്വകാര്യ വാഹനങ്ങൾക്ക് 60 ശതമാനവുമാണ് നികുതിയിളവ് ലഭിക്കുന്നത്.
ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ ഇന്നലെ വരെ 772 വാഹനങ്ങൾ നികുതി ഇളവ് നേടിയതായി ജില്ലാ റീജണൽ ട്രാൻസ്പോർട് ഓഫീസർ കെ. അജിത് കുമാർ അറിയിച്ചു. ഇതുവഴി 39,45,800 രൂപ സർക്കാരിലേക്ക് ലഭിച്ചതായും അദ്ദേഹം പറഞ്ഞു.