മൊബൈല്‍ കവറേജ് ലഭിക്കുന്നില്ല; സമരത്തിനൊരുങ്ങി ഉപയോക്താക്കള്‍
1538127
Sunday, March 30, 2025 11:42 PM IST
പാലാ: ഭരണങ്ങാനത്തും കരൂരിലും പരിസരപ്രദേശങ്ങളിലും ബിഎസ്എന്‍എല്‍ മൊബൈല്‍ കവറേജ് ലഭിക്കുന്നില്ല. ഇത് സ്വകാര്യ മൊബൈല്‍ കമ്പനികളെ സഹായിക്കാനെന്നാണ് ആക്ഷേപം. ഇതിനെതിരേ ശക്തമായ സമരത്തിന് ഒരുങ്ങുകയാണ് ഉപയോക്താക്കള്‍.
കോളജ് വിദ്യാര്‍ഥികള്‍ക്കും ഉപരിപഠനം നടത്തുന്നവര്‍ക്കും ഓണ്‍ലൈന്‍ വിദ്യാഭ്യാസം ചെയ്യുന്നവര്‍ക്കും നെറ്റ്വർക്ക് പ്രശ്നം കാരണം പഠിക്കാന്‍ സാധിക്കാതെ വരുന്നു. വീട്ടിലിരുന്ന് ഐടി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും ജോലി തടസപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളത്.
സമീപ പ്രദേശങ്ങളിലെ പല ബിഎസ്എന്‍എല്‍ ഓഫീസുകളും നായ്ക്കളുടെയും പൂച്ചകളുടെയും പ്രജനനകേന്ദ്രമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. ജനങ്ങള്‍ക്ക് പേടിച്ചിട്ട് അവിടേക്ക് കയറിച്ചെല്ലാന്‍ കഴിയാത്ത സ്ഥിതിയാണ് നിലവിൽ. പൂര്‍വകാല സ്ഥിതിയിലേക്ക് ബിഎസ്എന്‍എല്ലിനെ മാറ്റാന്‍ തയാറാകുന്നില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് മെംബര്‍ രാജേഷ് വാളിപ്ലാക്കല്‍ പറഞ്ഞു.