ഭക്ഷ്യവിഷബാധ : ഹോട്ടല്‍ അടച്ചിടാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം
1538007
Sunday, March 30, 2025 7:01 AM IST
കടുത്തുരുത്തി: മരണാനന്തര ചടങ്ങായ സഞ്ചയനത്തിന് ഹോട്ടലുകാര്‍ എത്തിച്ചു നല്കിയ ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ ഹോട്ടല്‍ അടച്ചിടാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്കി. കടുത്തുരുത്തി കുരീക്കല്‍ ഹോട്ടലിനെതിരേയാണ് നടപടി.
ശനിയാഴ്ച രാത്രിയോടെ ഹോട്ടല്‍ അടയ്ക്കാനും നിര്‍ദേശിച്ചിരിക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളും അണുനശീകരണവും ആരോഗ്യവകുപ്പിന്റെ മറ്റു നിര്‍ദേശങ്ങളും പാലിക്കാനുമാണ് ഹോട്ടലുടമയോട് ആവശ്യപ്പെട്ടിരിക്കുന്നത്. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഹോട്ടലില്‍ പരിശോധന നടത്തി അനുമതി നല്കിയ ശേഷമേ ഹോട്ടല്‍ തുറന്ന് പ്രവര്ത്തിപ്പിക്കാനാവുയെന്നും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മിനി മാത്യു പറഞ്ഞു.
കടുത്തുരുത്തി പാലകരയില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് ഹോട്ടലില്‍നിന്ന് എത്തിച്ചു നല്കിയ വെജിറ്റേറിയന്‍ ഭക്ഷണം കഴിച്ചതിനെത്തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിലാണ് ആരോഗ്യ വകുപ്പിന്റെ നടപടി. 40 പേരാണ് ഭക്ഷ്യവിഷബാധയേറ്റതിനെത്തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സതേടിയത്.
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിയമം ലംഘിച്ചു കാറ്ററിംഗ് സര്‍വീസ് നടത്തിയതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കടുത്തുരുത്തി ഫുഡ് സേഫ്റ്റി ഇന്‍സ്പെക്ടര്‍ നവീന്‍ ജയിംസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഹോട്ടലുകൾക്കും കാറ്ററിംഗ് സ്ഥാപനങ്ങള്‍ക്കും എതിരേ നടപടി
കടുത്തുരുത്തി: മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകൾക്കും കാറ്ററിംഗ് സ്ഥാപനങ്ങള്‍ക്കും എതിരേ നടപടിയെടുക്കാന്‍ ആരോഗ്യ വകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും. പല ഹോട്ടലുകളും നിര്‍ദേശങ്ങള്‍ പാലിക്കാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഹോട്ടലുകളില്‍ ഭക്ഷണം വിളമ്പുന്നതും ഭക്ഷണം പാചകം ചെയ്യുന്ന അടുക്കളയിലും ഹോട്ടലുകളുടെ പരിസര പ്രദേശങ്ങളിലും വേണ്ടത്ര വൃത്തിയില്ലാത്ത സാഹചര്യങ്ങളാണുള്ളതെന്നും വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടികളുമായി വകുപ്പുകള്‍ രംഗത്ത് വരുന്നത്.
ഈ ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് ഹോട്ടലുകളില്‍ പരിശോധനകള്‍ നടത്തും. അസ്വാഭാവികമായി കണ്ടെത്തിയാല്‍ നടപടികള്‍ സ്വീകരിക്കും. ഹോട്ടലുകള്‍ അടച്ചുപൂട്ടുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാനാണ് ആരോഗ്യവകുപ്പ് ആലോചിക്കുന്നത്.
ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന വെള്ളം സംബന്ധിച്ചും വ്യാപക പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. കൂടാതെ മാലിന്യസംസ്കരണത്തിന് വേണ്ടത്ര സൗകര്യങ്ങളില്ലാതെയാണ് പല ഹോട്ടലുകളും പ്രവര്‍ത്തിക്കുന്നതെന്നും വ്യാപക പരാതിയുണ്ട്.
ആഹാരസാധനങ്ങള്‍ ഉണ്ടാക്കുന്ന വെളിച്ചെണ്ണ ഉള്‍പ്പെടെയുള്ളവ പഴക്കമുള്ളവയും മാറിമാറി ഉപയോഗിക്കുന്നവയാണെന്നും നാട്ടുകാര്‍ പറയുന്നു. കൂടാതെ പല ഹോട്ടലുകള്‍ക്കും ഹോട്ടലില്‍ ഭക്ഷണം വിളമ്പാന്‍ മാത്രമാണ് ലൈസന്‍സുള്ളത്.
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കാറ്ററിംഗ് ലൈസന്‍സ് ഇല്ലാതെ ഇവരില്‍ പലരും കാറ്ററിംഗ് ഓര്‍ഡറെടുത്ത് പുറത്ത് ഭക്ഷണം വിളമ്പുകയാണെന്നതും ഗൗരവത്തോടെ കാണുമെന്നും ഇക്കാര്യത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.