പ്ലാസ്റ്റിക്ക് മാലിന്യം നിറഞ്ഞു : വെള്ളമൊഴുക്കു നിലച്ച് പാമ്പാടി കാളച്ചന്ത തോട്
1537993
Sunday, March 30, 2025 6:55 AM IST
പാമ്പാടി: പ്ലാസ്റ്റിക്ക് മാലിന്യം നിറഞ്ഞ് വെള്ളമൊഴുക്ക് നിലച്ച് പാമ്പാടി കാളച്ചന്ത തോട്. പാമ്പാടി ടൗണിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെ ഹബ്ബായി കാളച്ചന്ത തോട് മാറിയിട്ട് മാസങ്ങളായി.
വേനൽമഴയിൽ കുറച്ചുമാലിന്യം ഒഴുകിമാറിയെങ്കിലും ബഹുഭൂരിപക്ഷവും തോടിന്റെ ഇരുവശത്തും തങ്ങിനിൽക്കുകയാണ്. ടൺകണക്കിന് മാലിന്യമാണ് തോടിന്റെ ഒരു കിലോമീറ്റർ ഭാഗത്ത് കാണാൻ സാധിക്കുന്നത്. മഴ പെയ്തു മാലിന്യം ചീഞ്ഞളിഞ്ഞ് രൂക്ഷമായ ദുർഗന്ധമാണുള്ളത്.
സമീപ പഞ്ചായത്തുകളിൽ ഹരിത കേരളം പദ്ധതി കൃത്യമായി പ്രാവർത്തികമാക്കുമ്പോൾ പാമ്പാടി പഞ്ചായത്തിൽ അടിസ്ഥാന മാലിന്യനീക്കംപോലും നടക്കുന്നില്ലെന്ന ആക്ഷേപമുണ്ട്.
തോട്ടിലെ മാലിന്യം ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്. കൂരോപ്പട പഞ്ചായത്തിൽ ഉത്ഭവിച്ച് പാന്പാടി, മീനടം, പുതുപ്പള്ളി പഞ്ചായത്തുകളിലൂടെ ഒഴുകി കൊടൂരാറ്റിൽ ചേരുന്ന ഈ തോടിനെ മറ്റു പഞ്ചായത്തുകാർ മാലിന്യമുക്തമാക്കിയെങ്കിലും പാമ്പാടി പഞ്ചായത്ത് പുറംതിരിഞ്ഞ് നിൽക്കുന്നത് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.