റബര്‍ ഉപയോഗം 15 ലക്ഷം ടണ്‍; വില ഉയര്‍ന്നേക്കും
1537756
Sunday, March 30, 2025 1:59 AM IST
കോട്ടയം: 2025-26 സാമ്പത്തികവര്‍ഷം ഇന്ത്യയില്‍ റബര്‍ വ്യവസായ ഉപയോഗം 15 ലക്ഷം ടണ്ണിലെത്തും. പരമാവധി ആഭ്യന്തര ഉത്പാദനം 8.5 ലക്ഷം ടണ്ണിലേക്ക് ചുരുങ്ങുമെന്നിരിക്കെ റബര്‍ വില അനിയന്ത്രിതമായി ഇക്കൊല്ലം ഇടിയാനുള്ള സാധ്യതയില്ല. വിദേശവില ഉയര്ന്നുനില്ക്കുന്ന സാഹചര്യമുണ്ടായാല്‍ ആഭ്യന്തരവില 200 രൂപയില്‍ താഴില്ലെന്നാണ് സൂചന.
ആസിയാന്‍ രാജ്യങ്ങളില്‍നിന്നു വ്യവസായികള്‍ അഞ്ചു ശതമാനം തീരുവയില്‍ ഇറക്കുമതി ചെയ്യുന്ന കോമ്പൗണ്ട് റബറിന് 15 ശതമാനമായി തീരുവ ഉയര്‍ത്താനുള്ള നീക്കം നടപ്പായാല്‍ ഷീറ്റ് വില 225 രൂപയിലേക്ക് ഉയരും.
വ്യവസായികള്‍ ഇറക്കുമതി ചെയ്യുന്ന റബറിന്റെ 87 ശതമാനവും ബ്ലോക്ക് റബറാണ്. ഷീറ്റ് റബര്‍ ഇറക്കുമതി വര്‍ധിപ്പിക്കുന്ന സാഹചര്യമുണ്ടായാല്‍ വിലയില്‍ വലിയ വര്‍ധനവുണ്ടാകും. ഇന്ത്യയിലെ റബര്‍ വ്യവസായം കഴിഞ്ഞ വര്‍ഷം 15 ശതമാനം വര്‍ധന രേഖപ്പെടുത്തിയതും റബര്‍ വിപണിക്ക് കരുത്തു പകരുന്നു.
കോമ്പൗണ്ട് റബറിന്റെ തീരുവ വര്‍ധിപ്പിക്കാതിരിക്കാന്‍ വ്യവസായികള്‍ കേന്ദ്ര വാണിജ്യവകുപ്പില്‍ കടുത്ത സമ്മര്‍ദം ചെലുത്തുന്നുണ്ട്. ഇന്ത്യയില്‍ ഉത്പാദനത്തില്‍ ഒന്നാം സ്ഥാനത്തുള്ള കേരളത്തില്‍ 89,264 ഹെക്ടറിലാണ് റബര്‍ കൃഷി.
പരമാവധി ഏഴു ലക്ഷം ടണ്ണിന്റെ ഉത്പാദനം നടക്കേണ്ട കേരളത്തില്‍ രണ്ടു വര്‍ഷമായി അഞ്ചര ലക്ഷം ടണ്ണില്‍ താഴെയാണ് ഉത്പാദനം. വിലയിടിവ്, പ്രതികൂല കാലാവസ്ഥ, തൊഴിലാളിക്ഷാമം തുടങ്ങിയ കാരണങ്ങളാല്‍ 25 ശതമാനം തോട്ടങ്ങളില്‍ ടാപ്പിംഗ് നടക്കുന്നില്ല.