കല്ലറ പോട്ടപറിച്ചകരി പാടത്തെ നെല്ല് സംഭരിക്കാന്‍ നടപടിയായി
1538008
Sunday, March 30, 2025 7:01 AM IST
കടുത്തുരുത്തി: കല്ലറ പെരുന്തുരുത്ത് പോട്ടപറിച്ചകരി പാടത്തെ നെല്ല് സംഭരിക്കാന്‍ നടപടിയായി. കൊയ്ത്ത് കഴിഞ്ഞ് മൂന്നാഴ്ചയാകുമ്പോഴാണ് നെല്ല് സംഭരിക്കാന്‍ തീരുമാനമായത്. സപ്ലൈകോയ്ക്ക് വേണ്ടി നെല്ല് സംഭരിക്കുന്ന റാണി മില്ലുകാരാണ് ഒടുവില്‍ പാടശേഖരസമിതിയുമായി നെല്ലെടുക്കാനുള്ള കരാറിലെത്തിയത്.
ഇന്നു മുതല്‍ ലോഡ് കയറിപ്പോകും. ഒമ്പത് കിലോ താര (കിഴിവ്) യ്ക്കാണ് 100 കിലോ നെല്ലെടുക്കുന്നത്. കരാറനുസരിച്ച് ഒരു ക്വിന്റല്‍ നെല്ല് വില്ക്കുമ്പോള് 91 കിലോ നെല്ലിന്റെ വില മാത്രമേ കര്ഷകന് കിട്ടുകയുള്ളൂ. കര്‍ഷകര്‍ക്ക് ഇത് വലിയ നഷ്ടമാണെങ്കിലും ഇനിയും നെല്ല് കിടന്നാല്‍ ഈര്‍പ്പം തട്ടി കിളിര്‍ക്കാന്‍ തുടങ്ങുമെന്നതിനാലാണ് നെല്ല് ഇത്രയും ഉയര്‍ന്ന താരയ്ക്ക് വില്ക്കാന് തീരുമാനിച്ചതെന്ന് പാടശേഖരസമിതി സെക്രട്ടറി പി.കെ. സോമന് പറഞ്ഞു.
കൊയ്ത്ത് കഴിഞ്ഞ് 20 ദിവസമായിട്ടും കല്ലറ പോട്ടപറിച്ചകരി പാടശേഖരത്തെ നെല്ല് സംഭരിക്കാന്‍ നടപടിയില്ലാത്തതിനെ സംബന്ധിച്ച് ശനിയാഴ്ച ദീപിക വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. 88 ഏക്കര്‍ വരുന്ന പാടശേഖരത്തെ കൊയ്തെടുത്ത 13 ടണ്‍ നെല്ലാണ് മൂന്നാഴ്ചയായി പാടത്ത് വെയിലും മഴയും കൊണ്ട് കിടന്നിരുന്നത്.
സപ്ലൈകോ ചുമതലപ്പെടുത്തിയ ഏഴ് മില്ലുകാര്‍ ഇവിടെ വന്നെങ്കിലും നെല്ല് എടുക്കാന്‍ തയാറായില്ല. ഇതോടെയാണ് ഒടുവില്‍ വന്ന റാണി മില്ലിന് ഉയര്‍ന്ന താരയ്ക്കാണെങ്കിലും കര്‍ഷകര്‍ നെല്ല് വില്ക്കാന് തീരുമാനിച്ചത്. 48 കര്‍ഷകരാണ് ഇത്തവണ പാടത്ത് കൃഷി ചെയ്തത്.
വേനല്‍മഴ ശക്തമായതോടെ നെല്ല് സംരക്ഷിക്കാനായി കര്‍ഷകര്‍ രാപകല്‍ പാടത്തുതന്നെയായിരുന്നു. വാഹനം എത്താത്ത പാടശേഖരമായതിനാല്‍ വള്ളത്തില്‍ കയറ്റി നെല്ല് കൊടുതുരുത്തിലെ റോഡിലെത്തിച്ചാല് മാത്രമേ ലോറിയില്‍ ലോഡ് കയറ്റി വിടാനാകൂ.