കോട്ടയം ഗവ. നഴ്സിംഗ് കോളജ് റാഗിംഗ് കേസ്: കുറ്റപത്രം സമർപ്പിച്ചു
1537470
Friday, March 28, 2025 11:38 PM IST
ഗാന്ധിനഗര്‍: കോട്ടയം ഗവ. നഴ്സിംഗ് കോളജ് റാഗിംഗ് കേസില്‍ പോലീസ് ഇന്നലെ കുറ്റപത്രം സമര്‍പ്പിച്ചു. നഴ്സിംഗ് കോളജ് ഹോസ്റ്റലിലെ സീനിയര്‍ വിദ്യാര്‍ഥികള്‍ ജൂണിയര്‍ വിദ്യാര്‍ഥികളെ റാഗിംഗിന് ഇരയാക്കുന്ന വീഡിയോ ദൃശ്യങ്ങള്‍, വീഡിയോ ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ട്, പ്രതികള്‍ കോളജില്‍ ചേര്‍ന്നതു മുതലുള്ള വിവരങ്ങള്‍, മൊബൈല്‍ ഡേറ്റ, ബാങ്ക് സാമ്പത്തിക ഇടപാട് വിവരങ്ങള്‍ തുടങ്ങിയ പ്രധാന വിവരങ്ങള്‍ കുറ്റപത്രത്തിനൊപ്പം ഗാന്ധിനഗര്‍ പോലീസ് ഏറ്റുമാനൂര്‍ കോടതിക്കു സമര്‍പ്പിച്ചു. മലപ്പുറം മഞ്ചേരി കച്ചേരിപ്പടി റിജില്‍ജിത്ത് (20), വണ്ടൂര്‍ കരുമാരപ്പറ്റ രാഹുല്‍ രാജ് (22), മൂന്നിലവ് കീരിപ്ലാക്കല്‍ സാമുവല്‍ (20), വയനാട് നടവയല്‍ ഞാവലത്ത് ജീവ (18), കോരുത്തോട് മടുക്ക നെടങ്ങാട് വിവേക് (21) എന്നിവരാണ് പ്രതികള്‍.
സീനിയര്‍ വിദ്യാര്‍ഥികളായ അഞ്ചു പേര് ജൂണിയര്‍ വിദ്യാര്‍ഥികളായ ആറുപേരെയാണ് റാഗിംഗിന് വിധേയമാക്കിയത്. പ്രതികളായ വിദ്യാര്‍ഥികള്‍ പിടിക്കപ്പെട്ടതിനു ശേഷം 47-ാം ദിവസം പോലീസിനു കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിഞ്ഞു. കഴിഞ്ഞ നവംബര്‍ മാസം മുതലാണ് നഴ്സിംഗ് കോളജ് ഹോസ്റ്റല്‍ മുറിയില്‍ റാഗിംഗ് തുടര്‍ന്നത്. കഴിഞ്ഞ ഫെബ്രുവരി 12 നാണ് റാഗിംഗ് വിവരം പുറംലോകം അറിയുന്നത്. പീഡനത്തിനിരയായ കുട്ടികളിലൊരാളുടെ രക്ഷാകര്‍ത്താവ് കോളജില്‍ പരാതി അറിയിക്കുകയും കോളജ് അധികൃതര്‍ ഗാന്ധിനഗര്‍ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
പ്രതികള്‍ ജൂണിയര്‍ വിദ്യാര്‍ഥിയെ കട്ടിലില്‍ കിടത്തി കൈകയും കാലും കെട്ടി ശരീരമാസകലം കോമ്പസും ഡിവൈഡറും കൊണ്ട് കുത്തുകയും മുറിവില്‍ ലോഷന്‍ ഒഴിക്കുകയും സ്വകാര്യ ഭാഗത്ത് വ്യായാമത്തിന് ഉപയോഗിക്കുന്ന ഡമ്പല്‍ കെട്ടിയിടുകയും ചെയ്ത് പീഡനം തുടര്‍ന്നു. ഇതു സംബന്ധിച്ച വിവരങ്ങളും കുറ്റപത്രത്തിലുണ്ട്.
എല്ലാ ശനിയാഴ്ചയും സീനിയര്‍ വിദ്യാര്‍ഥികള്‍ക്ക് ജൂണിയര്‍ വിദ്യാര്‍ഥികള്‍ മദ്യപിക്കാന്‍ പണം നല്‍കണമായിരുന്നു. പണം നല്കിയില്ലങ്കില് രാത്രി അതിക്രൂരമായ മര്‍ദനം ഏല്‍പ്പിച്ചിരുന്നു. ജൂണിയര്‍ വിദ്യാര്‍ഥികള്‍ പ്രതികള്‍ക്ക് ഗൂഗിള്‍ പേ വഴി പണം കൈമാറിയ ബാങ്ക് വിവരങ്ങളും കോടതിക്ക് കൈമാറിയിട്ടുണ്ട്. ഒരു ജൂണിയര്‍ വിദ്യാര്‍ഥിയുടെ ബര്‍ത്ത് ഡേ ആഘോഷത്തിന്റെ ഭാഗമായി പ്രതികള്‍ക്ക് മദ്യപിക്കാന്‍ പണം നല്‍കിയിരുന്നില്ല. വൈരാഗ്യം തീര്‍ക്കാന്‍ വിദ്യാര്‍ഥിയെ കട്ടിലില്‍ കെട്ടിയിട്ട് കോമ്പസ് ഉപയോഗിച്ച് കുത്തിപ്പരിക്കേല്‍പ്പിച്ചതും ക്രൂരമായി മര്‍ദിച്ചതുമടക്കമുള്ള പ്രതികളുടെ മൊഴി കുറ്റപത്രത്തിലുണ്ട്.
കോളജ് പ്രവേശന സമയത്ത് വിദ്യാര്‍ഥികള്‍ക്ക് നല്കിയ ആന്റി റാഗിംഗുമായി ബന്ധപ്പെട്ട സത്യവാങ്മൂലത്തിന്റെ ലംഘനമാണ് സംഭവിച്ചതെന്നും ഒന്നാംവര്‍ഷ ക്ലാസ് ആരംഭിച്ച നവംബര്‍ മുതല്‍ റാഗിംഗ് നടത്തിയെന്നും കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നു. വിദ്യാര്‍ഥികള്‍ മാത്രമാണ് പ്രതികള്‍. റാഗിംഗ് വിവരം ഹോസ്റ്റല്‍ വാര്ഡന് അടക്കം മറ്റാരും അറിഞ്ഞിരുന്നില്ല. ഇക്കാര്യത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തിയിരുന്നു. പീഡനത്തിരയായ വിദ്യാര്‍ഥികളുടെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. കേസില്‍ 40 സാക്ഷികളും 32 രേഖകളുമുണ്ട്. ഗാന്ധിനഗര്‍ എസ്എച്ച്ഒ ടി. ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതികളായ വിദ്യാര്‍ഥികള്‍ ജയിലില്‍ തന്നെയാണ്. ഇവരുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.