അതിരമ്പുഴ കുടുംബശ്രീ അയൽക്കൂട്ടത്തിൽ വൻ സാമ്പത്തിക ക്രമക്കേട്
1537467
Friday, March 28, 2025 11:38 PM IST
അതിരമ്പുഴ: അതിരമ്പുഴ പഞ്ചായത്തിലെ കുടുംബശ്രീ അയൽക്കൂട്ടത്തിൽ വൻ സാമ്പത്തിക ക്രമക്കേട്.
പഞ്ചായത്ത് മൂന്നാം വാർഡിലെ സൗപർണിക കുടുംബശ്രീയിലെ ബാങ്ക് ലിങ്കേജ് ലോൺ വിതരണത്തിലാണ് ലക്ഷങ്ങളുടെ ക്രമക്കേട് നടന്നത്. മൂന്നാം വാർഡ് സിഡിഎസ് അംഗവും സൗപർണിക കുടുംബശ്രീ സെക്രട്ടറിയുമായ ശ്രീവിജയ പുഷ്പകുമാറിനെതിരേയാണ് ആക്ഷേപം ഉയർന്നത്.
അംഗങ്ങൾക്ക് ലിങ്കേജ് വായ്പ നൽകുന്നതിന് ബാങ്ക് ഓഫ് ബറോഡയിൽനിന്ന് 2024ഏപ്രിൽ 13ന് 20 ലക്ഷം രൂപ ലോണെടുത്ത ശേഷം 15 ലക്ഷം രൂപയാണ് ലോൺ ലഭിച്ചതെന്ന് അംഗങ്ങളെ തെറ്റിധരിപ്പിക്കുകയും അഞ്ചു ലക്ഷം രൂപയുടെ തിരിമറി നടത്തുകയും ചെയ്തതായാണ് ആക്ഷേപം. അംഗങ്ങൾ 20 ലക്ഷം രൂപയുടെ പ്രതിമാസ ഗഡു തിരിച്ചടച്ചു വരികയായിരുന്നു.
അഞ്ചു വർഷ കാലാവധിയുള്ള ലോൺ മൂന്നു വർഷമാണ് കാലാവധിയെന്ന് പറഞ്ഞ് അംഗങ്ങളിൽനിന്നു കൂടുതൽ തുക അടവായി കൈപ്പറ്റി. സ്വന്തം കുടുംബശ്രീയിൽ പങ്കെടുക്കാത്ത മകൾക്കുൾപ്പെടെയുള്ളവർക്കും ഇവർ ഫണ്ട് വീതം വച്ച് നൽകിയെന്നും ആക്ഷേപമുണ്ട്.
സാമ്പത്തിക വർഷാവസാനമായതോടെ പ്രസിഡന്റും മറ്റ് അംഗങ്ങളും ബാങ്ക് പാസ്ബുക്ക് പലതവണ ആവശ്യപ്പെട്ടിട്ടും പാസ്ബുക്ക് നൽകാൻ സെക്രട്ടറി തയാറാകാതെ വന്നതോടെയാണ് സംശയമുയർന്നത്. ബാങ്ക് ശാഖയിൽനിന്ന് സ്റ്റേറ്റ്മെന്റ് എടുത്തപ്പോഴാണ് 20 ലക്ഷം രൂപ ലോൺ എടുത്തായി അറിയുന്നത്. എഡിഎസിലും പിന്നീട് കുടുംബശ്രീ ചെയർപേഴ്സണും പരാതി നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടാകാത്തതിനെ തുടർന്ന് കഴിഞ്ഞ മാർച്ച് 25ന് കുടുംബശ്രീ ജില്ലാമിഷന് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് അംഗങ്ങൾ പറയുന്നു.
ലക്ഷങ്ങളുടെ ബാധ്യത തങ്ങളുടെ തലയിൽ വരുമോ എന്ന ആശങ്കയിലാണ് കുടുംബശ്രീ അംഗങ്ങൾ. അംഗങ്ങളെല്ലാവരും തന്നെ സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരാണ്.
ക്രമക്കേടുകൾക്ക് സിഡിഎസ് ചെയർപേഴ്സണും വൈസ് ചെയർപേഴ്സണും കൂട്ടുനിൽക്കുന്നതായി കുടുംബശ്രീ അംഗങ്ങൾ ആരോപിക്കുന്നു. സൗപർണിക കുടുംബശ്രീയുടെ ഇതുവരെയുള്ള സാമ്പത്തിക ഇടപാടുകൾ പരിശോധിക്കണമെന്ന് കുടുംബശ്രീ അംഗങ്ങൾ ആവശ്യപ്പെട്ടു.
പ്രശ്നം പരിഹരിച്ചെന്ന്
സിഡിഎസ് ചെയർപേഴ്സൺ
സൗപർണിക കുടുംബശ്രീയിലെ പ്രശ്നങ്ങൾ പരിഹരിച്ചതായി അതിരമ്പുഴ പഞ്ചായത്ത് സിഡിഎസ് ചെയർപേഴ്സൺ ഷബീന നിസാർ. കുടുംബശ്രീ അംഗങ്ങളുടെ പരാതിയെത്തുടർന്ന് അന്വേഷണം നടത്തി. അംഗങ്ങളുടെ സാന്നിധ്യത്തിൽ കൂടുതലായി എടുത്ത പണം തിരികെ അടപ്പിച്ച് പ്രശ്നം പരിഹരിച്ചു. ആരോപണ വിധേയയായ സെക്രട്ടറിയെ തത്സ്ഥാനത്തുനിന്നു മാറ്റിയിട്ടുമുണ്ട്.
സമഗ്ര അന്വേഷണം വേണം:
യൂത്ത് കോൺഗ്രസ്
സിപിഎം ബ്രാഞ്ച് സെക്രട്ടറി കൂടിയായ കുടുംബശ്രീ സെക്രട്ടറി കുടുംബശ്രീയിൽ നടത്തിയത് ഗുരുതരമായ ക്രമക്കേടെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. കേസ് ഒതുക്കിത്തീർത്ത് കുറ്റക്കാരെ രക്ഷിക്കാനാണ് സിപിഎം ശ്രമിക്കുന്നത്.
സംഭവത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയിട്ടുണ്ട്. ക്രിമിനൽ കുറ്റമായതിനാൽ പോലീസ് അന്വേഷണം നടത്തണമെന്ന് യൂത്ത് കോൺഗ്രസ് ഏറ്റുമാനൂർ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.