സമഗ്ര വികസനം ലക്ഷ്യമാക്കി പാലാ നഗരസഭാ ബജറ്റ്
1537446
Friday, March 28, 2025 11:04 PM IST
പാലാ: പാലാ നഗരസഭയുടെ 2025-26 വര്‍ഷത്തെ ബജറ്റ് നഗരസഭാ ചെയര്മാന് തോമസ് പീറ്റര്‍ അവതരിപ്പിച്ചു. ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ ബജറ്റ് അംഗീകാരത്തിനായി വച്ചെങ്കിലും അംഗീകാരം ലഭിക്കാതെ വന്നതോടെയാണ് ചെയര്മാന് നേരിട്ട് ബജറ്റ് അവതരിപ്പിച്ചത്. ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ മൂന്നില്‍ രണ്ട് അംഗങ്ങളും പ്രതിപക്ഷമാണ്. ബജറ്റിന് രണ്ട് അംഗങ്ങളും വിയോജിപ്പ് രേഖപ്പെടുത്തിയതോടെ അംഗീകാരം ലഭിച്ചില്ല. ഈ സാഹചര്യത്തില്‍ ചെയര്മാൻ നേരിട്ട് ബജറ്റ് അവതരിപ്പിക്കുകയായിരുന്നു.
56,97,11,412 രൂപ ആകെ വരവും 54,13.21,912 രൂപ ചെലവും 2,83,89,500 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.
നഗരസഭയിലെ പൊതുസ്ഥലങ്ങളില്‍ എയ്റോബിക് ബിന്നുകള്‍ സ്ഥാപിക്കും. പ്ലാസ്റ്റിക് കാരിബാഗുകള്‍ ഒഴിവാക്കുന്നതിനായി ഒരു വീട്ടില്‍ മൂന്നു തുണിസഞ്ചികള്‍ എന്ന ക്രമത്തില്‍ വിതരണം ചെയ്യും. ഇതിനായി ഏഴു ലക്ഷം രൂപ വകയിരുത്തി. ആര്‍ദ്രം, ലൈഫ്, ഹരിതകേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണം തുടങ്ങിയ പദ്ധതികളും കേന്ദ്രപദ്ധതിയായ അമൃത് 2.0 നിര്‍വഹണം പദ്ധതിക്കും ഈ വര്‍ഷം തുടക്കംകുറിച്ചു. ഏറ്റവും നൂതനമായ ഡിജിറ്റല്‍ എക്സ്റേ മെഷീന് ജനറല്‍ ആശുപത്രിയില്‍ സ്ഥാപിക്കും. ഇതിനായി 1.83 കോടി രൂപ നീക്കിവച്ചു. ജനറല്‍ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്കും ചെലവുകള്‍ക്കുമായി മൂന്നു കോടി രൂപ നീക്കിവച്ചു. പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കായി 21 ലക്ഷം രൂപയും വയോജന സംരക്ഷണത്തിനായി 10 ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തി. വൃക്കരോഗികള്‍ക്കു സൗജന്യ ഡയാലിസിസ് ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കും.
ജനറല്‍ ആശുപത്രിയില്‍ ഐസിയു സംവിധാനം ഒരുക്കുന്നതിന്റെ പ്രാരംഭ നടപടികള്‍ക്കായി 20 ലക്ഷം രൂപ മാറ്റിവച്ചു. ആശുപത്രി റോഡിന്റെ ഇരുവശവും ഓടയും സ്ലാബും സ്ഥാപിച്ചു രണ്ടുവരി ഗതാഗതം ഒരുക്കും. സംസ്ഥാന സര്‍ക്കാര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഇതിനായി 20 ലക്ഷം രൂപ നഗരസഭ നല്‍കും.
മുഴുവന്‍ വാര്‍ഡുകളും ഏകോപിപ്പിച്ചു നഗരസഭയെ മറവിരോഗ സൗഹൃദ നഗരസഭയാക്കും. നടപടികള്‍ക്കായി ഒരു ലക്ഷം രൂപ വകയിരുത്തി. ലൈഫ് ഭവനപദ്ധതിക്കായി 40 ലക്ഷം രൂപയും പട്ടികജാതി വിഭാഗക്കാര്‍ക്കുള്ള ഭവനപദ്ധതിക്കായി 10 ലക്ഷം രൂപയും വകയിരുത്തി. യാചകപുനരധിവാസ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 10 ലക്ഷം രൂപ നീക്കി വച്ചു.നഗരസഭയിലുള്ള നെല്ലിത്താനം, ജനതാ, പരമലക്കുന്ന് സെറ്റില്‍മെന്റുകള്‍ക്കായി 10 ലക്ഷം രൂപ അനുവദിച്ചു.
ഹോമിയോ ആശുപത്രിയുടെ പ്രവര്‍ത്തനത്തിനായി 15 ലക്ഷം രൂപയും ആയുര്‍വേദ ആശുപത്രിയുടെ ചെലവുകള്‍ക്കായി 20 ലക്ഷം രൂപയും നീക്കിവച്ചു. നഗരസഭയുടെ പരിധിയിലുള്ള സ്കൂളുകളുടെ പുനരുദ്ധാരണത്തിനായി 30 ലക്ഷം രൂപയുംപട്ടികജാതി വിഭാഗത്തിന്റെ ക്ഷേമത്തിനായി 30 ലക്ഷം രൂപയും വകയിരുത്തി.
നഗരസഭയിലെ റോഡുകളുടെ വികസനത്തിനും പുനരുദ്ധാരണത്തിനുമായി 2.45 കോടി രൂപ അനുവദിച്ചു. പുതിയ എംസിഎഫ്, ആര്‍ആര്‍എഫ്, സീവറേജ് ട്രീറ്റ്മെന്റ് പ്ലാന്റ് , മീനച്ചിലാര്‍ ശുചീകരണം, ബയോഗ്യാസ് പ്ലാന്റ്, ഡബിള്‍ ചേംബര്‍ ഇന്‍സിനറേറ്റര്‍, ജി-ബിന്‍ എന്നിവയ്ക്കായി നാലു കോടി രൂപ നീക്കിവച്ചു.
പാലാ അമിനിറ്റി സെന്റര്‍ നഗരസഭ ഏറ്റെടുക്കും. ഇതിന്റെ നവീകരണത്തിനായി അഞ്ചു ലക്ഷം രൂപ വകയിരുത്തി. കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്ക് 18 ലക്ഷം രൂപ നീക്കിവച്ചു. ജനറല്‍ ആശുപത്രിയുടെ വെല്‍നസ് സെന്ററുകള്‍ അരണാപുരത്തും പരമലക്കുന്നിലും ആരംഭിക്കും. ഇതിന്റെ ആവശ്യത്തിലേക്ക് 70 ലക്ഷം രൂപ വകയിരുത്തി. നഗരസഭയിലും ജനറല്‍ ആശുപത്രിയിലും സോളാര്‍ സിസ്റ്റം സ്ഥാപിക്കുന്നതിനായി 70 ലക്ഷം രൂപ നീക്കിവച്ചു.
നിരാശാജനകമായ ബജറ്റ്:
പ്രതിപക്ഷ നേതാവ്
പാലാ: ചെയര്മാന് അവതരിപ്പിച്ച ബജറ്റ് മുന്‍ വര്‍ഷങ്ങളിലെ ബജറ്റുകളുടെ തനിയാവര്‍ത്തനമാണെന്നും നിരാശാജനകമാണെന്നും പ്രതിപക്ഷ നേതാവ് പ്രഫ. സതീശ് ചൊള്ളാനി. കെയുആര്‍ഡിഎഫ്സി പോലെയുള്ള ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് എടുത്തിരിക്കുന്ന വായ്പയുടെ പലിശ പോലും അടയ്ക്കാന്‍ നിവൃത്തിയില്ലാതെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്ന നഗരസഭയുടെ തനതു വരുമാനം വര്‍ധിപ്പിക്കുവാനുള്ള ക്രിയാത്മകമായ ഒരു നിര്‍ദേശം പോലും ബജറ്റില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.