കുഴിമാവ് ഗവ. ട്രൈബൽ വെൽഫയർ എൽപി സ്കൂളിൽ വർണക്കൂടാരം പദ്ധതി ഉദ്ഘാടനം ചെയ്തു
1537443
Friday, March 28, 2025 11:04 PM IST
കോരുത്തോട്: കുഴിമാവ് ഗവ. ട്രൈബൽ വെൽഫയർ എൽപി സ്കൂളിൽ വിദ്യാഭ്യാസവകുപ്പിന് കീഴിൽ സമഗ്ര ശിക്ഷ സ്റ്റാർസ് പദ്ധതിയിൽപ്പെടുത്തി പത്തു ലക്ഷം രൂപ അനുവദിച്ച് നിർമിച്ച വർണക്കൂടാരം പദ്ധതിയുടെ ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ജാൻസി സാബു അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെംബർ രത്നമ്മ രവീന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഡി. പ്രകാശ്, പഞ്ചായത്ത് മെംബർമാരായ സിനു സോമൻ, ലതാ സുശീലൻ, പി.എൻ. സുകുമാരൻ, പിടിഎ പ്രസിഡന്റ് രമ്യ മനീഷ്, ഹെഡ്മിസ്ട്രസ് ഷീബ രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.
പ്രൈമറി സ്കൂൾ വിദ്യാർഥികളുടെ ബൗദ്ധിക-മാനസിക വളർച്ചയ്ക്ക് ഉപകരിക്കുന്നതിനും പ്രാഥമിക പഠനങ്ങളുടെ അടിത്തറ ബലപ്പെടുത്തുന്നതിനും ആവിഷ്കരിച്ചിരിക്കുന്ന പദ്ധതിയാണ് വർണക്കൂടാരം. പദ്ധതി നടപ്പിലാക്കുന്നതിലൂടെ പിന്നാക്ക മേഖലയിൽപ്പെട്ട കുഴിമാവ് ഗവ. എൽപി സ്കൂളിലെ വിദ്യാർഥികളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്താൻ സഹായിക്കും. എൽപി സ്കൂളിനോടനുബന്ധിച്ചുള്ള ഹൈസ്കൂളിന് പുതിയ കെട്ടിടം നിർമിക്കുന്നതിന് രണ്ടുകോടി രൂപ അനുവദിച്ച് ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.