സെന്റ് ഡൊമിനിക്സ് കോളജിൽ പുതിയ സ്കോളർഷിപ്പുകൾ
1537440
Friday, March 28, 2025 11:04 PM IST
കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് കോളജിൽ നാലു വർഷ ബിരുദ പ്രോഗ്രാമുകൾ പഠിക്കുന്ന കുട്ടികൾക്ക് കോളജും പൂർവവിദ്യാർഥികളും സ്ഥാപനങ്ങളും പുതിയ സ്കോളർഷിപ്പുകൾ ഏർപ്പെടുത്തി.
ഇൻഡോ-യുഎസ് ഫിസിക്സ് സ്കോളർ പ്രോഗ്രാം കോളജിലെ ബിഎസ്സി ഫിസിക്സ് പ്രോഗ്രാമിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിദ്യാർഥികൾക്കുള്ളതാണ്. അമേരിക്കയിലെ ടെക്സസ് എ ആന്ഡ് എം സർവകലാശാലയിലെ പ്രഫ. ജി. അജിത് കുമാറാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. മെറ്റീരിയൽസ് സയൻസ്, ഫോട്ടോണിക്സ് എന്നിങ്ങനെയുള്ള നൂതന ഫിസിക്സ് വിഷയങ്ങളിൽ മികച്ച സംഭാവനകൾ നൽകിയിട്ടുള്ള പ്രഫ. ജി. അജിത് കുമാർ സെന്റ് ഡൊമിനിക്സ് കോളജിലെ പൂർവവിദ്യാർഥിയും നിലവിൽ ഫിസിക്സ് ഡിപ്പാർട്ട്മെന്റിൽ വിസിറ്റിംഗ് ഫാക്കൽറ്റിയുമാണ്.
തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒമിനിസെക്യൂർ പ്രൈവറ്റ് ലിമിറ്റഡാണ് സെന്റ് ഡൊമിനിക്സ് കോളജിൽ ഈ സ്കോളർഷിപ്പ് സ്പോൺസർ ചെയ്യുന്നത്. അമേരിക്കൻ സർവകലാശാലകളിലും മറ്റു പ്രശസ്ത സർവകലാശാലകളിലും ഉപരിപഠനമോ ഗവേഷണമോ നടത്താനാഗ്രഹിക്കുന്ന ഫിസിക്സ് വിദ്യാർഥികൾക്ക് പ്രഫ. അജിത് കുമാറിന്റെ പ്രത്യേക പരിശീലനവും മാർഗനിർദേശവും ബിരുദ പഠനകാലത്തുതന്നെ ലഭിക്കും.
കോളജിലെ ഒന്നും രണ്ടും മൂന്നും വർഷ ഫിസിക്സ് വിദ്യാർഥികൾക്കായി നടത്തുന്ന ഇന്റർവ്യൂവിലൂടെയായിരിക്കും പ്രവേശനം. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് മികച്ച സർവകലാശാലകളിൽ പ്രവേശനം നേടാൻ സഹായം നൽകുന്നതുമാണ്. പ്രവേശനം നേടുന്ന വിദ്യാർഥികൾക്ക് മുഴുവൻ ഫീസും സ്കോളർഷിപ്പായി ലഭിക്കും. രാജ്യത്തെ പ്രശസ്ത സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പ്, കോൺഫറൻസുകളിൽ പ്രബന്ധാവതരണം, ഗവേഷണ പരിശീലനം മുതലായവയ്ക്കുള്ള അവസരങ്ങളും അതിനുള്ള സാമ്പത്തിക സഹായവും ഇവർക്ക് ലഭ്യമാക്കും.
ഇതിനു പുറമേ, ബാങ്ക് ഓഫ് ബറോഡ ഈ വർഷം കോളജിലെ മൂന്നു കുട്ടികൾക്ക് 31,000 രൂപ വീതം സ്കോളർഷിപ്പ് നടപ്പാക്കി. സമഗ്രമായ മികവു പുലർത്തുന്ന വിദ്യാർഥി, പഠനത്തിൽ മികവു പുലർത്തുന്ന വിദ്യാർഥി, കായികരംഗത്ത് മികവ് തെളിയിക്കുന്ന വിദ്യാർഥി എന്നിങ്ങനെയാണ് മൂന്നുപേരെ തെരഞ്ഞെടുക്കുന്നത്. ഈ വർഷം യഥാക്രമം അലൻ വർഗീസ്, അമൃതമോൾ ഷാജി, സി.ബി. സിന്റോമോൻ എന്നിവർ ഈ സ്കോളർഷിപ്പ് നേടി.
ബിരുദാനന്തരബിരുദ പഠനത്തിനുള്ള മൂന്നു ലക്ഷം രൂപ വീതമുള്ള യുജിസി സ്കോളർഷിപ്പ് ഈ വർഷം മരിയ റോസ് തോമസ്, ആൽഫി ട്രീസ ജോസ്, സോനാ ചാക്കോ, ശ്രീക്കുട്ടി തിലകൻ എന്നീ വിദ്യാർഥികൾ സ്വന്തമാക്കി. കൂടാതെ കോളജിലെ നിലവിലുള്ള ജീവനക്കാരും വിരമിച്ച ജീവനക്കാരും അഭ്യുദയകാംക്ഷികളും പിടിഎയും ഏർപ്പെടുത്തിയിട്ടുള്ള ഇരുനൂറ്റമ്പതോളം സ്കോളർഷിപ്പുകൾ കോളജിലെ കുട്ടികൾക്ക് ഓരോ വർഷവും നൽകിവരുന്നു.
പഠനത്തിൽ മികവു പുലർത്തുന്ന സാമ്പത്തിക പിന്നാക്കാവസ്ഥയുള്ള കുട്ടികൾക്കായുള്ള പിന്തുണാസംവിധാനങ്ങളും കോളജിലുണ്ട്. ഗ്രാമപ്രദേശങ്ങളിലെ കുട്ടികൾക്ക് അന്തർദേശീയ നിലവാരമുള്ള പഠനസൗകര്യമൊരുക്കുന്നതിനൊപ്പം ലോകത്തിലെ മികച്ച സ്ഥാപനങ്ങളിൽ ഉപരിപഠനത്തിന് എല്ലാവിധ സാഹചര്യങ്ങളുമൊരുക്കുന്നതിനാണ് കോളജ് ലക്ഷ്യമിടുന്നതെന്ന് പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ് പറഞ്ഞു.