നീലൂര്‍ പ്രൊഡ്യൂസർ കന്പനിയിൽ ഫ്രീസർ യൂണിറ്റ് ഉദ്ഘാടനം
1537439
Friday, March 28, 2025 11:04 PM IST
നീലൂര്‍: കര്‍ഷകരെയും തൊഴിലാളികളെയും മുഖ്യധാരയില്‍ എത്തിക്കുന്നതിനും അവരുടെ ഉത്പന്നങ്ങള്‍ക്കു മികച്ച വിപണിയും ആധുനിക സങ്കേതികവിദ്യകളും നൽകുകയും അതുവഴി മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനും വിഭാവനം ചെയ്ത് രൂപീകൃതമായ നീലൂര്‍ പ്രൊഡ്യൂസര്‍ കമ്പനി ഒന്നര കോടി രൂപ ചെലവഴിച്ച് ഫ്രീസര്‍ യൂണിറ്റ് സ്ഥാപിക്കുന്നു. ഒന്നരക്കോടി രൂപ മുടക്കില്‍ നൂറു ടണ്‍ സംഭരണശേഷിയുള്ള ഫ്രീസര്‍ യൂണിറ്റ് സ്ഥാപിച്ചു.
നിര്‍മാണം പൂര്‍ത്തിയാക്കിയ ഫ്രീസര്‍ യൂണിറ്റിന്റെ ഉദ്ഘാടനം 30ന് ഉച്ചകഴിഞ്ഞ് രണ്ടിന് കൃഷിമന്ത്രി പി. പ്രസാദ് നിര്‍വഹിക്കുമെന്ന് കമ്പനി ചെയര്മാന് മത്തച്ചന് ഉറുമ്പുകാട്ട് പത്രസമ്മേളനത്തില്‍ അറിയിച്ചു. മാണി സി. കാപ്പന് എംഎല്‍എ അധ്യക്ഷത വഹിക്കുന്ന സമ്മേളനം ജോസ് കെ.മാണി എംപി ഉദ്ഘാടനം ചെയ്യും. എസ്പോര്ട്ട് ആന്‍ഡ് ഇംപോര്‍ട്ട് സര്‍ട്ടിഫിക്കറ്റ് ഫ്രാന്‍സിസ് ജോര്‍ജ് എംപി പ്രകാശനം ചെയ്യും. നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ബൈജു കുറുപ്പ് പദ്ധതി വിശദീകരിക്കും.
കമ്പനി ചെയര്മാന് മത്തച്ചന് ഉറുമ്പുകാട്ട്, പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി, ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കല്‍, കേരള ബാങ്ക് ബോര്‍ഡ് മെംബര്‍ ഫിലിപ്പ് കുഴികുളം, ജില്ലാ കൃഷി ഓഫീസര്‍ ജോ ജോസഫ്, നബാര്‍ഡ് ഡിജിഎം ജയിംസ് പി. ജോര്‍ജ്, വ്യവസായ ഓഫീസര്‍ വി.ആര്. രാകേഷ്, ജോയിന്റ് രജിസ്ട്രാര്‍ കെ.വി. സുധീര്‍, റെജി വര്‍ഗീസ് ഫാ. മാത്യു പാറത്തൊട്ടി, കമ്പനി സിഇഒ ഷാജി ജോസഫ് എന്നിവര്‍ പ്രസംഗിക്കും.
2016ല്‍ തുടക്കംകുറിച്ച കമ്പനിക്ക് ഇന്ന് 630 അംഗങ്ങളും 75 ലക്ഷം രൂപ മൂലധനവുമുണ്ട്. ആധുനിക സാങ്കേതികവിദ്യകളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ചക്കയുടെയും കപ്പയുടെയും ചെറുതേനിന്റെയും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നീലൂര്‍ ബ്രാന്‍ഡില്‍ വിപണിയില്‍ ലഭ്യമാണ്. നബാര്‍ഡ് അനുവദിച്ച എഫ്പിഒയില് ഒന്നാണ് നീലൂര്‍ ബാങ്കിന് ലഭിച്ചത്.
പത്രസമ്മേളനത്തില്‍ പി.എസ്. ശാര്‍ങ്ധരന്‍, ഇഗ്നേഷ്യസ് നടുവിലേക്കുറ്റ്, ഫ്രാന്‍സിസ് വട്ടക്കുന്നേല്‍, ആല്ബിന് കുന്നത്ത് എന്നിവരും പങ്കെടുത്തു.