ചങ്ങനാശേരി നഗരസഭാ ബജറ്റ് നിര്‍ദേശങ്ങള്‍ : വികസനാത്മകമെന്ന് ഭരണപക്ഷം; സാങ്കല്പികമെന്ന് പ്രതിപക്ഷം
1537401
Friday, March 28, 2025 7:20 AM IST
ചങ്ങനാശേരി: വൈസ് ചെയര്മാന് മാത്യൂസ് ജോര്‍ജ് അവതരിപ്പിച്ച ചങ്ങനാശേരി നഗരസഭാ ബജറ്റിലെ നിര്‍ദേശങ്ങള്‍ വികസനാത്മകമെന്നു ഭരണപക്ഷം; സാങ്കല്പികം മാത്രമെന്ന് പ്രതിപക്ഷം. മൂന്നുമണിക്കൂര്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ഐകകണ്ഠ്യേന ബജറ്റ് പാസാക്കി. സമസ്ത മേഖലയിലും വികസനമെത്തുന്ന ഭാവനാത്മകവും ദീര്‍ഘവീക്ഷണമുള്ളതുമായ നിര്‍ദേശങ്ങളാണ് ബജറ്റിലേതെന്ന് ഭരണപക്ഷാംഗങ്ങള്‍ അഭിപ്രായപ്പെട്ടപ്പോള്‍, നഗരസഭാ വക കടമുറികള്‍ ഒഴിഞ്ഞവര്ക്കു ഡിപ്പോസിറ്റ് തുക മടക്കി ക്കൊടുക്കാനോ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ യഥാസമയം അടച്ചുപോകാനോ കഴിയാത്ത അവസ്ഥ നഗരസഭയിലുണ്ടെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം വിമര്‍ശനമുന്നയിച്ചത്.
നഗരവികസനത്തിനു പ്രായോഗിക നിര്‍ദേശങ്ങളില്ലെന്ന് പ്രതിപക്ഷം
മുന്‍വര്‍ഷങ്ങളിലെ നിര്‍ദേശങ്ങള്‍ പലതും പൊടിതട്ടിയെടുത്ത് ബജറ്റ് പുസ്തകത്തില്‍ ചേര്‍ത്തിരിക്കുകയാണെന്നും പലതും പ്രായോഗികമല്ലെന്നും യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും കോണ്‍ഗ്രസ് അംഗവുമായ ജോമി ജോസഫ് പറഞ്ഞു. നഗരത്തിലെ ഗതാഗതക്കുരുക്ക് അഴിക്കാനും പാര്‍ക്കിംഗിനും പ്രായോഗിക നിര്‍ദേശങ്ങളില്ല.
പെരുന്നയിലെ ഷോപ്പിംഗ് കോപ്ലക്സ് പദ്ധതിയും നഗരത്തിലെ പാര്‍ക്കിംഗ് പ്ലാസയും എങ്ങുമെത്തിയില്ല. നഗരത്തിലെ ബസ് സ്റ്റാന്‍ഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കും വികസനത്തിനും തുക വകകൊള്ളിച്ചിട്ടില്ല: ജോമി പറഞ്ഞു.
വേഴയ്ക്കാട്ടുചിറ ബസ് സ്റ്റാന്‍ഡിനോടു ചേര്‍ന്നുള്ള വനിതാ ഐടി പാര്‍ക്കിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചോ, കുറഞ്ഞ നിരക്കില്‍ ആഹാരം വിതരണം ചെയ്യാന്‍ സാധിക്കുന്ന കുടുംബശ്രീ ജനകീയ ഹോട്ടലിനെക്കുറിച്ചോ ബജറ്റില്‍ പരാമര്‍ശമില്ലെന്ന് കേരള കോണ്‍ഗ്രസ് അംഗം സന്തോഷ് ആന്റണി പറഞ്ഞു. മുനിസിപ്പല്‍ ആര്‍ക്കേഡ്, സസ്യമാര്‍ക്കറ്റ്, വണ്ടിപ്പേട്ട, മുനിസിപ്പല്‍ സ്റ്റേഡിയം എന്നിവിടങ്ങളിലെ കടമുറികളുടെ അറ്റകുറ്റപ്പണിക്കും ഒരു നിര്‍ദേശവുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുനിസിപ്പല്‍ ബോണ്ട് പദ്ധതി സൂക്ഷിച്ചു ചെയ്യേണ്ട കാര്യമാണെന്നും നിര്‍മാണത്തോടൊപ്പം അറ്റകുറ്റപ്പണിക്കും പരിപാലനത്തിനും നഗരസഭ ശ്രദ്ധ നല്‍കാത്തതിന്റെ ഉദാഹരണമാണ് പെരുന്ന ബസ് സ്റ്റാന്‍ഡിലെ ടേക്ക് എ ബ്രേക്കിന്റെ ശോചനീയ സ്ഥിതിയെന്നും ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണും കേരള കോണ്‍ഗ്രസ് അംഗവുമായ എല്‍സമ്മ ജോബ് പറഞ്ഞു.
തനതു ഫണ്ടില്‍ വര്‍ധിപ്പിക്കാൻ നിര്‍ദേശമില്ലെന്നും മുനിസിപ്പല്‍ ബോണ്ട് അപ്രായോഗികമാണെന്നും വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണും കോണ്‍ഗ്രസ് അംഗവുമായ നെജിയ നൗഷാദ് വിമർശിച്ചു. ഫാത്തിമാപുരത്തെ ക്രിമറ്റോറിയം പ്രവര്‍ത്തിപ്പിക്കാന്‍ നടപടി വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
പഴയ ബജറ്റുകളുടെ തനിയാവര്‍ത്തനമെന്ന് ബിജെപി
മുന്‍കാലങ്ങളിലെ ബജറ്റുകളുടെ തനിയാവര്‍ത്തനമാണ് ഈ വര്‍ഷത്തെ നിര്ദേശങ്ങളിലുമെന്ന് ബിജെപി അംഗം പ്രസന്നകുമാരി ടീച്ചര്‍ പറഞ്ഞു. മാലിന്യനിര്‍മാര്‍ജനത്തിനുള്ള ജി-ബിന്നുകള്‍ എല്ലാ വീടുകളിലും എത്തിയിട്ടില്ല. "നിലാവ്' പദ്ധതിയുടെ പേരിലുള്ള വഴിവിളക്കുകള്‍ തെളിയാതായിട്ട് മാസങ്ങള്‍ പിന്നിട്ടു. പെരുന്ന ഭാഗത്തെ പൊട്ടുകുളം തോട്ടില്‍ മാലിന്യം നിറഞ്ഞ് പാറാട്ട് ഭാഗം വെള്ളത്തിലാകുന്നു. ഓട്ടിസം, ഭിന്നശേഷി കുട്ടികള്‍ക്കായി വകയിരുത്തിയ തുക തുച്ഛമാണെന്നും ബിജെപി അംഗം വിഷ്ണുദാസ് പറഞ്ഞു.
സുസ്ഥിരവികസനം ലക്ഷ്യമാക്കുന്ന ബജറ്റ്: മാത്യൂസ് ജോര്‍ജ്
നഗരത്തിന്റെ സമഗ്രവികസനം ഉറപ്പാക്കുന്നതിനും സുസ്ഥിരവികസനം എന്ന ആശയം പ്രാവര്‍ത്തികമാക്കുന്നതിനു സഹായിക്കുന്നതുമായ ബജറ്റാണ് നഗരസഭയില്‍ അവതരിപ്പിച്ചതെന്ന് വൈസ് ചെയര്മാന് മാത്യൂസ് ജോര്‍ജ്. ബജറ്റ് ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
മുനിസിപ്പല്‍ ബോണ്ടുകള്‍ വഴി 100 കോടി രൂപ കണ്ടെത്തുക എന്ന ആശയം പ്രാവര്‍ത്തികമാകുമ്പോള്‍ ഏറെ പദ്ധതികള്‍ ഏറ്റെടുക്കാനും മാതൃകാ നഗരം സൃഷ്ടിക്കുന്നതിനും കഴിയും. അപ്പം ചുടുന്നതു പോലെ വികസനം നടത്തണമെന്നുള്ള പ്രതിപക്ഷ വിമര്‍ശനം അര്‍ഥശൂന്യമാണ്. ആവര്‍ത്തനമെന്നത് ബജറ്റ് പ്രക്രിയയുടെ ഭാഗം തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചങ്ങനാശേരി ഫെസ്റ്റ്, സിഎന്‍ജി പ്രോജക്ട്, ഭൂരഹിതര്‍ക്ക് വീട് പദ്ധതി തുടങ്ങി നഗരത്തിന്റെ പൊതുവികസനത്തിനുള്ള നിരവധി നിര്‍ദേശങ്ങളാണ് ബജറ്റിലുള്ളതെന്ന് രാജു ചാക്കോ പറഞ്ഞു.
ബജറ്റ് ചർച്ചയ്ക്ക് ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന് അധ്യക്ഷത വഹിച്ചു. ഭരണപക്ഷാംഗവും ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ പി.എ. നിസാറാണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്.
മുൻ ചെയര്‍പേഴ്സണ്‍ ബീന ജോബി, ഗീത അജി, ബാബു തോമസ്, വിജയലക്ഷ്മി കൃഷ്ണകുമാര്‍, അഡ്വ. ശിവകുമാര്‍, പ്രിയ രാജേഷ്, ഷൈനി ഷാജി, ബീന ജിജന്, സുമ ഷൈന്‍, അരുണ്‍ മോഹന്‍, ലിസി വര്‍ഗീസ്, കുഞ്ഞുമോള്‍ സാബു, മോളമ്മ സെബാസ്റ്റ്യന്‍, മുരുകന്, ബെന്നി ജോസഫ്, ശ്യാം സാംസൺ തുടങ്ങിയരും ചര്‍ച്ചകളില്‍ പങ്കെടുത്തു.
വഴിവിളക്കുകള്‍: പരിശോധനകള്‍ക്കുശേഷമേ കരാറുകാരനു പണം നല്‍കാവൂ
പ്രധാന റോഡുകളില്‍ എഴുപത് വാട്സിന്റെ 300 ലൈറ്റുകള്‍ സ്ഥാപിച്ച കമ്പനി അറ്റകുറ്റപ്പണികള്‍ നടത്താത്തതുമൂലം കഴിഞ്ഞ മൂന്നുവര്‍ഷക്കാലമായി നഗരം ഇരുട്ടിലാണ്. ഇതേ കമ്പനിക്കാണ് പിന്നീടും നഗരസഭ 41 മിനി മാസ്റ്റ് വിളക്കുകള്‍ സ്ഥാപിക്കാന്‍ കരാര്‍ നല്‍കിയത്. ഇതില്‍ 38 എണ്ണം മാത്രമേ സ്ഥാപിച്ചുള്ളൂ. ഇതിന്റെ എണ്പതു ശതമാനം പണവും കെല് എന്ന കമ്പനിക്കു 2024 മാര്‍ച്ചില്‍ നല്കി. മൂന്നു വിളക്കുകള്‍ ഇനിയും സ്ഥാപിച്ചിട്ടില്ല. സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്കുകളില്‍ പലതും തെളിയുന്നില്ല.
ഇങ്ങനെയിരിക്കെയാണ് ഹൈമാസ്റ്റ് വിളക്കിന്റെ അറ്റകുറ്റപ്പണികള്‍ക്കായി പത്തു ലക്ഷം രൂപ ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത്. ഈ കമ്പനിക്ക് നഗരസഭ കരാര്‍ നല്കുന്ന സമയത്ത് കെഎസ്ഇബിയുടെ അംഗീകാരമുണ്ടായിരുന്നില്ല.
നഗരസഭാ കര്‍മസമിതി വിളിച്ചുകൂട്ടി മോണിട്ടറിംഗ് നടത്തിയശേഷമേ ഇതടക്കം പണം കൊടുക്കാവൂവെന്നും പെരുന്നയില്‍ പ്രവര്‍ത്തിക്കുന്ന നഗരസഭാ വനിതാ ഹോസ്റ്റലിന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ മൂന്നു വനിതാ കൗണ്‍സിലര്‍മാരെ ചുമതലപ്പെടുത്തണമെന്നും കോണ്‍ഗ്രസ് അംഗം ജോമി ജോസഫ് ആവശ്യപ്പെട്ടു.