ഓപ്പറേഷന് ക്ലീന്‍ സ്ലേറ്റ് : രണ്ടാഴ്ചയ്ക്കിടെ കടുത്തുരുത്തി റേഞ്ചില്‍ 27 കേസുകള്‍
1537400
Friday, March 28, 2025 7:20 AM IST
കടുത്തുരുത്തി: മയക്കുമരുന്നിന്റെ വ്യാപനവും വിപണനവും തടയാൻ എക്സൈസ് ഡിപ്പാര്‍ട്ട്മെന്റ് ആവിഷ്കരിച്ച ഓപ്പറേഷന് ക്ലീന്‍സ് സ്ലേറ്റ് എന്ന പദ്ധതിയുടെ ഭാഗമായി രണ്ടാഴ്ചയ്ക്കിടെ കടുത്തുരുത്തി റേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തത് 27 എന്‍ഡിപിഎസ് കേസുകള്‍. 29 പേരെ പ്രതികളാക്കിയെടുത്ത കേസുകളില്‍ 28 പേരെ അറസ്റ്റ് ചെയ്യുകയും കഞ്ചാവ് കടത്തിക്കൊണ്ടുവരുന്നതിനുവേണ്ടി ഉപയോഗിച്ച രണ്ട് സ്കൂട്ടറുകള്, ഒരു ബൈക്ക്, രണ്ട് മൊബൈല്‍ ഫോണുകള്‍ എന്നിവ പിടിച്ചെടുക്കുകയും ചെയ്തു.
ഈ മാസം അഞ്ചു മുതല്‍ 19 വരെ നടത്തിയ പരിശോധനകളിലാണ് ഇത്രയും കേസുകള്‍ ഉണ്ടായത്. 14 ദിവസങ്ങളിലായുള്ള സ്പെഷല്‍ ഡ്രൈവ് കാലയളവിലാണ് കടുത്തുരുത്തി എക്സൈസ് റേഞ്ച് ഓഫീസിന് കീഴില്‍ മാത്രം ഇത്രയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.
എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.എസ്. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനകളില്‍ അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍മാരായ വി.ആര്. രാജേഷ്, ജി. രാജേഷ്, ഡി. സൈജു, കെ. സുരേഷ്, പ്രവിന്റീവ് ഓഫീസര്‍മാരായ ഇ.സി. അരുണ്‍കുമാര്‍, എം.ആര്. രജനീഷ്, പി. പ്രമോദ്, പി.എല്‍. റോബിമോന്‍, സിഇഒ വിപിന്‍ പി. രാജേന്ദ്രന്, കെ.എച്ച്. ഹരികൃഷ്ണന്, കെ. പ്രീതി, ടി.ബി. ശ്രീദേവി, ലിജേഷ് ലക്ഷ്മണന് എന്നിവര്‍ പങ്കെടുത്തു.
മദ്യത്തിനും മയക്കുമരുന്നിനുമെതിരേയുള്ള രഹസ്യ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് 94000 69522 എന്ന നമ്പറില്‍ വിളിച്ച് ഏതുസമയത്തും നല്‍കാമെന്നും ഇവരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കുമെന്നും കടുത്തുരുത്തി എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.എസ്. അനില്‍കുമാര്‍ അറിയിച്ചു.