ആർടി ഓഫീസിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചു
1537397
Friday, March 28, 2025 7:20 AM IST
വൈക്കം: വൈദ്യുതിചാർജ് അടച്ചില്ലെന്ന് ആരോപിച്ച് കെഎസ് ഇബി അധികൃതർ വൈക്കം ജോയിന്റ് ആർടി ഓഫീസിലെ വൈദ്യുതി വിച്ഛേദിച്ചു. ഇതേത്തുടർന്ന് ഒന്നര മണിക്കൂറോളം ഓഫീസിന്റെ പ്രവർത്തനം തടസപ്പെട്ടു.
ഇന്നലെ രാവിലെ 9.30നാണ് വൈദ്യുതി വിച്ഛേദിച്ചത്. കടുത്ത പ്രതിഷേധമുയർന്നതോടെ 11.45ന് വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു. അപ്പോഴേക്കും വിവിധ ആവശ്യങ്ങളുമായി ദൂരസ്ഥലങ്ങളിൽ നിന്ന് എത്തിയ നിരവധിപ്പേർ സേവനം ലഭിക്കാതെ മടങ്ങിയിരുന്നു.
ആർടി ഓഫീസുകളുടെ വൈദ്യുത ചാർജ് ഹെഡ് ഓഫീസ് വഴിയാണ് കെഎസ്ഇബിയിൽ അടയ്ക്കുന്നത്. 1000 രൂപയോളമാണ് വൈക്കം ആർടി ഓഫീസിലെ വൈദ്യുതി ചാർജ്. ഈ തുക ഹെഡ് ഓഫീസിൽനിന്ന് അടച്ചിരുന്നു. നിലവിൽ ഫെബ്രുവരി മുതലുള്ള തുക അടയ്ക്കാനുണ്ടെങ്കിലും അതിന്റെ ഡിസ്കണക്ഷൻ തീയതി ഏപ്രിലിലാണ്.
തെറ്റിദ്ധാരണമൂലമാണ് വൈദ്യുതി വിച്ഛേദിക്കുന്നതെന്നും പണമടച്ചത് പരിശോധിക്കണമെന്നും കെഎസ്ഇബി അധികൃതരോട് പറഞ്ഞെങ്കിലും അത് അംഗീകരിക്കാതെ വൈദ്യുതി വിച്ഛേദിക്കുകയായിരുന്നെന്ന് വൈക്കം ജോയിന്റ് ആർടിഒ പറഞ്ഞു.