പീഡന വീഡിയോ പ്രചരിപ്പിച്ച കേസിൽ യുവതിയടക്കം മൂന്നുപേർ പിടിയിൽ
1537394
Friday, March 28, 2025 7:20 AM IST
വൈക്കം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പീഡന വീഡിയോ ചിത്രീകരിച്ച് സാമൂഹ്യമാധ്യമംവഴി പ്രചരിപ്പിച്ച കേസിൽ യുവതി ഉൾപ്പെടെ മൂന്നു പേർപിടിയിൽ. കോലഞ്ചേരി സ്വദേശി ആദിത്യൻ (23), വൈക്കം സ്വദേശി അമീൻസ് (24), രവീണ(22) എന്നിവരെയാണ് തലയോലപ്പറമ്പ് പോലീസ് പിടികൂടിയത്.
കഴിഞ്ഞ മാസം തലയോലപ്പറമ്പിനു സമീപത്തുള്ള പെൺകുട്ടിയുടെ വീടിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന യുവതിയുടെ വീട്ടിലായിരുന്നു സംഭവം. കട്ടിലിൽ കിടന്ന പെൺകുട്ടിയുടെ സമീപം യുവതിയുടെ ഭർത്താവിന്റെ സുഹൃത്തായ ആദിത്യൻ കിടക്കുന്ന വീഡിയോ ദൃശ്യങ്ങൾ യുവതി മൊബൈൽ ഫോണിൽ പകർത്തി സാമൂഹ്യമാധ്യമം വഴി പലർക്കും അയച്ചുകൊടുക്കുകയുമായിരുന്നു. ആദിത്യന്റെ കാമുകിക്കും ദൃശ്യങ്ങൾ അയച്ചു നൽകി.
പിന്നീട് സാമൂഹ്യമാധ്യമം വഴി പെൺകുട്ടിയുടെ ഫോണിലേക്ക് ദൃശ്യങ്ങൾ അയച്ചുകൊടുത്തതോടെയാണ് സംഭവം അറിയുന്നത്. തുടർന്ന് ചൈൽഡ് ലൈനിൽ പരാതിപ്പെടുകയായിരുന്നു.
സംഭവത്തിനുശേഷം മറ്റൊ രിടത്തേക്കു താമസം മാറിയ യുവതിയെ പോലീസെത്തി പിടികൂടുകയായിരുന്നു.
കിടപ്പറ ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടുകയായിരുന്നു യുവതിയുടെ ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.