വൈക്കത്തെ കാർബൺ ന്യൂട്രൽ നഗരമാക്കും
1537391
Friday, March 28, 2025 7:10 AM IST
വൈക്കം: കാർഷിക മേഖല, അടിസ്ഥാന സൗകര്യ വികസനം, കാർബൺ ന്യൂട്രൽ നഗരം തുടങ്ങി വൈക്കത്തിൻ്റെ സമഗ്ര വികസനം ലക്ഷ്യം വയ്ക്കുന്ന പദ്ധതികളുമായി വൈക്കം നഗരസഭാ ബജറ്റ് .
50,39,35,744 രൂപ വരവും 474166510 രൂപ ചെലവും 29769234 രൂപ നീക്കിയിരിപ്പുമുള്ള വിവിധ പദ്ധതികൾ ഉൾക്കൊളളിച്ചുള്ള നഗരസഭയുടെ 2025-26വർഷത്തെ ബജറ്റ് വൈസ് ചെയർമാൻ പി.ടി. സുഭാഷ് അവതരിപ്പിച്ചു.
ഉത്പാദന മേഖലയ്ക്കും ക്ഷീരവികസനത്തിനും ഊന്നൽ നൽകുന്ന ബജറ്റിൽ വാർഡുതലത്തിൽ മികച്ച മാതൃകാ കൃഷിത്തോട്ടങ്ങൾ, കാരയിൽ പാടശേഖരം, നാറാണത്ത് പാട ശേഖരം ഉൾപ്പെടെ 114 ഹെക്ടർ സ്ഥലത്ത് കൃഷി, നാളികേര ഉത്പാദനത്തിൽ മൂന്ന് വർഷത്തിനുള്ളിൽ 50 ശതമാനം വർധന, വൈക്കം ബ്രാൻഡ് എന്ന പേരിൽ അരി വിപണിയിൽ എത്തിക്കൽ എന്നിവയാണ് കാർഷിക മേഖലയിലെ പ്രധാന പദ്ധതികൾ.
ക്ഷീരകർഷകർക്ക് പാലിനു സബ്സിഡി, ആട്, പശു വളർത്തലിന് ധനസഹായം, അധ്യയന വർഷം ആരംഭിക്കുന്നതിനു മുമ്പ് സ്കൂളുകളിൽ അടിസ്ഥാന സൗകര്യം ഏർപ്പെടുത്തൽ,
നാനൂറിലധികം സൗജന്യ ഗാർഹിക കുടിവെള്ള കണക്ഷനുകൾ, ഏഴു ലക്ഷം ലിറ്റർ കപ്പാസിറ്റിയുള്ള വാട്ടർ ടാങ്ക്, കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള പദ്ധതികൾ, നഗരസഭയുടെ ആസ്തി സംരക്ഷണത്തിന് 12 ലക്ഷം രൂപയും ഐസ് പ്ലാന്റ് പ്രവർത്തനക്ഷമമാക്കാൻ 10ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
അങ്കണവാടികൾ മുഖേന ഗർഭിണികൾക്കും കുട്ടികൾക്കും പോഷകാഹാരം, മുച്ചക്രവാഹനം, മത്സ്യത്തൊഴിലാളികളുടെയും എസ്സി ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവരുടെയും മക്കൾക്ക് ലാപ്ടോപ്പ്, അങ്കണവാടി കെട്ടിടം നിർമാണം, ബീച്ച് സൗന്ദര്യവത്കരണം, ബീച്ചിൽ പാർക്ക്, കളിസ്ഥലം, ടേക്ക് എ ബ്രേക്ക്, ദാരിദ്ര്യനിർമാർജന പദ്ധതികൾ, ലൈബ്രറി ആൻഡ് റീഡിംഗ് റൂം, പുസ്തക കോർണർ, വൈക്കം ടൂറിസം വികസനം, ബോട്ട് ജെട്ടിക്ക് സമീപം ഉദയനാപുരം, കച്ചേരിക്കവല, പടിഞ്ഞാറേനട എന്നിവിടങ്ങളിൽ പുതിയ ടേക്ക് എ ബ്രേക്കുകൾ,
അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതികൾക്കായി 14 കോടിയുടെ ലേബർ ബജറ്റ്, വൈക്കം നഗരത്തെ കാർബൺ ന്യൂട്രൽ ആക്കുന്നതിനുള്ള പദ്ധതികൾ തുടങ്ങി വൈക്കം നഗരത്തിന്റെ മുഖഛായ മാറ്റുന്ന സമഗ്ര വികസനം ഉറപ്പാക്കുന്ന പദ്ധതികളാണ് ബജറ്റിൽ വിഭാവനം ചെയ്തിട്ടുള്ളത് ബജറ്റിനെത്തുടർന്നു നടന്ന ചർച്ചയിൽ പ്രതിപക്ഷ നേതാവ് എസ്. ഹരിദാസൻ നായർ, ബി. ചന്ദ്രശേഖരൻ, ഏബ്രഹാം പഴയകടവൻ, അശോകൻ വെള്ളവേലി, കവിതാ രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.