ഹരിതകർമസേനയുടെ സത്യസന്ധതയിൽ നഷ്ടപ്പെട്ട സ്വർണം തിരികെ ലഭിച്ചു
1537388
Friday, March 28, 2025 7:10 AM IST
കൂരോപ്പട: ഹരിത കർമസേനയുടെ സത്യസന്ധത വീട്ടുടമയ്ക്കു തിരികെ ലഭിച്ചത് ഒരു മാസം മുന്പ് നഷ്ടപ്പെട്ട ഒന്നരലക്ഷം രൂപയുടെ സ്വർണം. കൂരോപ്പട പഞ്ചായത്തിലെ ആറാം വാർഡിലെ ഹരിത കർമ സേനാംഗങ്ങളായ ഗിരിജാ കെ.എസ്, ലൗലി ബിനു എന്നിവർ കഴിഞ്ഞ ആറാം തീയതി വാർഡിലെ വാണിയപ്പുരയ്ക്കൽ ജോണിന്റെ വീട്ടിൽ പ്ലാസ്റ്റിക്കുകൾ ശേഖരിക്കുന്നതിന് എത്തി. ജോണും ഭാര്യ അന്നമ്മയും ചേർന്നാണ് വീട്ടിലെ പ്ലാസ്റ്റിക്കുകൾ ഇവർക്ക് നൽകിയത്. ഒന്നരപവനിലേറെയുള്ള സ്വർണക്കമ്മലുകൾ അടങ്ങിയ പാത്രവും പ്ലാസ്റ്റിക്കിന്റെ കൂടെ ഉൾപ്പെട്ടിരുന്നു.
സ്വർണം പ്ലാസ്റ്റിക്കിന്റെ കൂടെയുണ്ടെന്ന് വീട്ടുകാരും ഹരിത കർമസേനാംഗങ്ങളും അറിഞ്ഞില്ല. വീടുകളിൽനിന്ന് ശേഖരിച്ച പ്ലാസ്റ്റിക്കുകൾ ചാക്കിലാക്കി റോഡിന് സമീപമുള്ള മിനി എംസിഎഫിൽ ദിവസങ്ങളോളം സൂക്ഷിച്ചിരുന്നു. തുടർന്ന് കഴിഞ്ഞതിങ്കളാഴ്ചയാണ് ചാത്തൻപാറയിലെ പ്ലാസ്റ്റിക്ക് സംഭരണ കേന്ദ്രത്തിലേക്ക് ആറാം വാർഡിലെ പ്ലാസ്റ്റിക്കുകൾ അടങ്ങിയ ചാക്കുകൾ മാറ്റിയത്.
ബുധനാഴ്ച രാത്രിയിലാണ് വീട്ടുകാർ സ്വർണം നഷ്ടപ്പെട്ടത് അറിഞ്ഞത്. ഹരിത കർമസേനയ്ക്ക് പ്ലാസ്റ്റിക്ക് നൽകിയതിന്റെ കൂടെ സ്വർണവും നൽകിയോയെന്ന സംശയം വാർഡംഗം സന്ധ്യാ സുരേഷിനെ അവരറിയിച്ചു. സന്ധ്യ ഉടനെ വാർഡിലെ ഹരിത കർമസേനാംഗങ്ങളോടു വിവരം പറഞ്ഞു.
ഇന്നലെ രാവിലെ ഹരിത കർമ സേനാംഗങ്ങളായ ഗിരിജയും ലൗലിയും മറ്റു ഹരിത കർമസേനാംഗങ്ങളും ചാത്തൻപാറയിലെത്തി ഊർജിതമായ തെരച്ചിൽ ആരംഭിക്കുകയും ഉച്ചകഴിഞ്ഞ് മൂന്നരയോടെ സ്വർണം അടങ്ങിയ പാത്രം ലഭിക്കുകയും ചെയ്തു. ഉടൻതന്നെ പഞ്ചായത്തംഗം സന്ധ്യ വഴി ഉടമയായ ജോണിനെ വിവരമറിയിച്ചു.
തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി മാത്യു സ്വർണം ഹരിത കർമസേനയുടെ സാന്നിധ്യത്തിൽ ഉടമ ജോണിനു കൈമാറി. പഞ്ചായത്തംഗങ്ങളായ സന്ധ്യാ സുരേഷ്, അനിൽ കൂരോപ്പട, സന്ധ്യാ ജി. നായർ, പഞ്ചായത്ത് സെക്രട്ടറി എസ്. സുനിമോൾ, അസിസ്റ്റന്റ് സെക്രട്ടറി സി.എൻ. സിന്ധു, ഹരിത കർമസേനാ സെക്രട്ടറി ശശികല തുടങ്ങിയവർ സംബന്ധിച്ചു.
ഹരിത കർമ സേനാംഗങ്ങളുടെ സത്യസന്ധതയെ എല്ലാവരും അഭിനന്ദിച്ചു.നഷ്ടപ്പെട്ടെന്ന് കരുതിയ സ്വർണം തിരിച്ചുകിട്ടിയതിൽ ഏറെ സന്തോഷമുണ്ടെന്ന് ജോൺ പറഞ്ഞു. സ്വർണം ഏറ്റു വാങ്ങി നന്ദി പറഞ്ഞ് മധുരപലഹാരങ്ങളും വിതരണം ചെയ്താണ് ജോൺ മടങ്ങിയത്.