പ്രഖ്യാപനങ്ങളും നിര്ദേശങ്ങളുമില്ലാതെ കോട്ടയം നഗരസഭാ ബജറ്റ്
1537386
Friday, March 28, 2025 7:10 AM IST
കോട്ടയം: നഗരസഭയിലെ ആശാ വര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം 2000 രൂപ ഇന്‍സെന്റീവ് നല്‍കുമെന്ന നിര്‍ദേശം മാത്രം പറഞ്ഞ് മറ്റു പ്രഖ്യാപനങ്ങളും നിര്ദേശങ്ങളുമില്ലാതെ കോട്ടയം നഗരസഭയുടെ ബജറ്റ്. 210.73 കോടി വരവും, 159.95 കോടി ചെലവും 50.77കോടി നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് ചെയര്മാന് ബി. ഗോപകുമാര്‍ അവതരിപ്പിച്ചത്. മുന്‍ ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളും അദ്ദേഹം പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.
നഗരസഭാധ്യക്ഷയോടും സ്വന്തം പാര്‍ട്ടിയിലെ ചില കൗണ്സിലര്മാരോടുമുള്ള പ്രതിഷേധമാണ് വൈസ് ചെയര്‍മാന്റെ അപൂര്‍വ നടപടിക്ക് പിന്നിലെന്നാണ് സൂചന. ബജറ്റ് പ്രസംഗത്തില്‍ ഭരണപക്ഷത്തിനെതിരേ രൂക്ഷ വിമര്‍ശനമുയര്‍ത്തിയ വൈസ് ചെയര്മാന് ബി. ഗോപകുമാര്‍, പദ്ധതികള്‍ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം നടന്നതായും ആരോപിച്ചു. ദുഃഖത്തോടും അപമാനഭാരത്തോടുമാണ് ബജറ്റ് അവതരിപ്പിക്കുന്നതെന്നും പറഞ്ഞു.
യുഡിഎഫ് ഭരിക്കുന്ന നഗരസഭയില്‍ ഭരണകക്ഷിയംഗങ്ങള്‍ക്കിടയില്‍ ഭിന്നത രൂക്ഷമാണ്. വൈസ് ചെയര്‍മാനും ഭരണകക്ഷിയംഗങ്ങളും തമ്മില്‍ പല കൗണ്‍സില്‍ യോഗങ്ങളിലും തര്‍ക്കങ്ങള്‍ പതിവായിരുന്നു. അധ്യക്ഷയുമായും ഭിന്നത രൂക്ഷമായിരുന്നു. നഗരസഭയുടെ വരുമാനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് കഴിഞ്ഞ നാലു ബജറ്റുകളിൽ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് എന്ന നിലയില്‍ താന്‍ അവതരിപ്പിച്ച വിവിധ നിര്‍ദേശങ്ങള്‍ കൗണ്‍സിലില്‍ അവഗണിച്ച് വ്യക്തിപരമായി ആക്ഷേപിക്കുന്നതിനാണ് ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ചില അംഗങ്ങള്‍ നിരന്തരം ശ്രമിച്ചത്.
ധനകാര്യ കമ്മിറ്റിയുടെ തീരുമാനങ്ങള്‍ ഒന്നുരണ്ട് വ്യക്തികളുടെ താത്പര്യങ്ങള്‍ക്ക് അനുസൃതമായി അട്ടിമറിക്കുകയായിരുന്നു. താന്‍ മുന്‍ ബജറ്റില്‍ അവതരിപ്പിച്ച പദ്ധതികള്‍ പുതിയതായി എത്തുന്ന ഭരണസമിതിയുടെ മുന്നിലേക്ക് കരട് നിര്‍ദേശങ്ങളായി സമര്‍പ്പിക്കുകയാണെന്നും ഗോപകുമാര്‍ പറഞ്ഞു. ബജറ്റിന്മേലുള്ള ചര്‍ച്ച നാളെ നടക്കും.
ബജറ്റ് പ്രസംഗത്തിലൂടെ പ്രതിഷേധിച്ച് വൈസ് ചെയര്മാന് ബി. ഗോപകുമാര്‍
കോട്ടയം: നഗരസഭയിലെ വികസന പ്രവര്‍ത്തനങ്ങള്‍ ശിലാസ്ഥാപനത്തില്‍ മാത്രം ഒതുങ്ങിയെന്നും പ്രായത്തെ മാനിക്കാതെ, സംസ്കാര സമ്പന്നതയെ ലജ്ജിപ്പിക്കുന്ന തരത്തില്‍ കൗണ്‍സില്‍ യോഗത്തില്‍ കൈയേറ്റം ചെയ്തും ദേഹോപദ്രവം ഏല്പിച്ചും കൗണ്‍സില്‍ യോഗങ്ങളില്‍ നിരന്തരം അധിക്ഷേപിക്കുകയും ചെയ്യുന്ന ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും കൗണ്‍സിലര്‍മാരോടുള്ള പ്രതിഷേധം അറിയിച്ചായിരുന്നു വൈസ് ചെയര്മാന് ബി. ഗോപകുമാര്‍ ബജറ്റ് അവതരിപ്പിച്ചത്.
കോട്ടയത്തിന്റെ ലാന്‍ഡ് മാര്‍ക്കായി മാറേണ്ടിയിരുന്ന അണ്ടര്‍ഗ്രൗണ്ട് പാര്‍ക്കിംഗ് സൗകര്യത്തോടെ തിരുനക്കര ബസ് ബേ കം മുനിസിപ്പല്‍ ഓഫീസ് കം ഷോപ്പിംഗ് കോംപ്ലക്സ് പദ്ധതി രണ്ടു കൗണ്‍സിലര്‍മാര്‍ ചേര്‍ന്ന് അട്ടിമറിച്ചത് എന്തിനുവേണ്ടിയായിരുന്നെന്ന് കൗണ്‍സിലംഗങ്ങള്‍ പരിശോധന നടത്തണം.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഇരുപത്തിമൂന്നോളം ആര്‍കിടെക്ട് സ്ഥാപനങ്ങളിൽ ആദ്യ സ്ഥാപനത്തിന്റെ പ്രതിനിധി പദ്ധതി അവതരിപ്പിക്കാ ൻ കൗണ്‍സില്‍ ഹാളില്‍ പ്രവേശിച്ചയുടന്‍ ആക്രോശിച്ച് ഭയപ്പെടുത്തി വിരട്ടിയോടിച്ചത് എന്തിനുവേണ്ടിയായിരുന്നുവെന്നും ഗോപകുമാര്‍ ചോദിച്ചു.