ഒരേ ദിവസം ജന്മദിനം ആഘോഷിച്ച് സഹോദരിമാർ
1537137
Thursday, March 27, 2025 11:49 PM IST
കാഞ്ഞിരപ്പള്ളി: പ്രായത്തിൽ വ്യത്യാസമുണ്ടെങ്കിലും ഒരേ ദിവസം ജന്മദിനം ആഘോഷിക്കുകയാണ് പുല്ലാട്ട്പറന്പിലെ സഹോദരിമാർ. തുമ്പമട പുല്ലാട്ട്പറമ്പില് പി.ആര്. രവി - അജിതാ രവി ദന്പതികളുടെ മക്കളായ അഞ്ജലി (20), അശ്വതി (16), ആര്യ (13) എന്നിവരാണ് ഇന്ന് ജന്മദിനം ആഘോഷിക്കുന്നത്.
മുരിക്കുവയല്‍ ശ്രീ ശബരീശ്വര കോളജിലെ ബികോം അവസാന വര്‍ഷ വിദ്യാര്‍ഥിയാണ് അഞ്ജലി. കാളകെട്ടി അച്ചാമ്മ മെമ്മോറിയല്‍ എച്ച്എസ്എസില്‍ പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ഥിയാണ് അശ്വതി. കപ്പാട് ഗവൺമെന്റ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ആര്യമോള്.
ജന്മദിനം ഒരു ദിവസമാണെങ്കിലും എന്തായി തീരണമെന്ന കാര്യത്തില്‍ മൂവര്‍ക്കും വ്യത്യസ്ത അഭിപ്രായമാണ്. അഞ്ജലിക്ക് അക്കൗണ്ടന്റും അശ്വതിക്ക് നഴ്സും ആര്യക്ക് അധ്യാപികയും ആകാനാണ് ആഗ്രഹം. കൂലിപ്പണിക്കാരനായ രവി മൂന്ന് പേരുടെയും ജന്മദിന ആഘോഷം മുടക്കാറുമില്ല. പതിവുപോലെ നടത്തുന്ന കേക്ക് മുറിച്ച് ജന്മദിന ആഘോഷം ഇന്നും നടത്തും.