ലഹരിവിരുദ്ധ പോരാട്ടത്തിന് തുടക്കംകുറിച്ച് വ്യാപാരികൾ
1537136
Thursday, March 27, 2025 11:49 PM IST
മുക്കൂട്ടുതറ: നിരോധിത പുകയില ഉത്പന്നങ്ങളും ലഹരിവസ്തുക്കളും വെച്ചൂച്ചിറയിൽ ഒരു കടയിലും കിട്ടില്ലന്ന് ഉറപ്പാക്കി ലഹരി വിരുദ്ധ പോരാട്ടത്തിന് തുടക്കമിട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ്. ഏതെങ്കിലും കടയിൽ ഇവ വിറ്റാൽ ആ സ്ഥാപനം പിന്നെ യൂണിറ്റിൽ ഉണ്ടാകില്ലെന്നും അച്ചടക്ക നടപടി സ്വീകരിച്ചു പുറത്താക്കുക മാത്രമല്ല നിയമ നടപടികൾക്ക് പിന്തുണ നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.
വ്യാപാരി വ്യവസായി യൂണിറ്റിന്റെ പരിധിയിൽ വരുന്ന സ്ഥാപനങ്ങളിൽ നിരോധിത പുകയില ഉത്പന്നങ്ങളും മറ്റു ലഹരി വസ്തുക്കളും വിൽക്കുന്നതല്ല എന്ന ബോർഡ് സ്ഥാപിക്കും. ഏതെങ്കിലും വ്യാപാര സ്ഥാപനം നിയമ വിരുദ്ധ പ്രവർത്തനം നടത്തിയാൽ സംഘടനയുടെ അംഗത്വത്തിൽനിന്ന് പുറത്താക്കുകയും ആജീവനാന്ത വിലക്ക് ഏർപ്പെടുത്തുകയും ചെയ്യുമെന്ന് യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു.
മുന്നറിയിപ്പു ബോർഡുകളുടെ ഉദ്ഘാടനം പോലീസ് സബ് ഇൻസ്പെക്ടർ വി.പി. സുഭാഷ് നിർവഹിച്ചു.
യുണിറ്റ് പ്രസിഡന്റ് അലക്സ് തെക്കേപ്പറമ്പിൽ, സെക്രട്ടറി ഷൈനു ചാക്കോ, വൈസ് പ്രസിഡന്റ് ജോസ് ജോസ് സംഗീത, ട്രഷറർ ബിജു നീലിമ, സിജോ ജോസ്, ശ്രീകാന്ത്, അഞ്ജന എന്നിവർ പ്രസംഗിച്ചു.