മുണ്ടക്കയത്ത് സൗജന്യ യോഗ പരിശീലനകേന്ദ്രങ്ങൾ
1537134
Thursday, March 27, 2025 11:48 PM IST
മുണ്ടക്കയം: പഞ്ചായത്തിന്റെ ആയുർവേദ ഡിസ്പെൻസറിയുടെ കീഴിൽ പ്രവർത്തിക്കുന്ന യോഗ പരിശീലന കേന്ദ്രങ്ങൾ ശ്രദ്ധേയമാകുന്നു. ജീവിതശൈലീ രോഗങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് പ്രായമായവരെയും വനിതകളെയും ഉൾക്കൊള്ളിച്ചുകൊണ്ട് യോഗ പരിശീലന കേന്ദ്രങ്ങൾ ആരംഭിച്ചിരിക്കുന്നത്.
ആയുർവേദ ഡിസ്പെൻസറിയുടെ മേൽനോട്ടത്തിൽ രണ്ടാം വാർഡ് കലാദേവി, എട്ടാം വാർഡ് കപ്പിലാംമൂട് അങ്കണവാടി, മുണ്ടക്കയം അസീസി കൃപാഭവൻ, വണ്ടൻപതാൽ ബത്ലഹേം ആശ്രമം, മുരിക്കുംവയൽ ഗവൺമെന്റ് എൽപി സ്കൂൾ, വേലനിലം അങ്കണവാടി എന്നിവിടങ്ങളിലായി യോഗ ക്ലാസുകൾ നടന്നുവരുന്നതായി യോഗ ഇൻസ്ട്രക്ടർ പി.ബി. ബബിത പറഞ്ഞു.
ആദ്യം യോഗ ക്ലാസ് ആരംഭിച്ചത് കപ്പിലാംമൂട് അങ്കണവാടിയിലാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ബാച്ചിലാണ് യോഗ ക്ലാസ് നടക്കുന്നത്. പ്രായഭേദമെന്യേ നിരവധി ആളുകൾ ഇവിടെ എത്തിയതോടെ മറ്റ് സ്ഥലങ്ങളിലേക്ക് യോഗ ക്ലാസുകൾ വ്യാപിപ്പിക്കുകയായിരുന്നു. ഇപ്പോൾ വിവിധ കേന്ദ്രങ്ങളിലായി മുന്നൂറിലധികം ആളുകൾ സൗജന്യമായി നൽകുന്ന യോഗ ക്ലാസിൽ പരിശീലനം നേടുന്നു. ജീവിതശൈലീ രോഗങ്ങൾക്ക് യോഗ പരിശീലനത്തിലൂടെ വലിയ മാറ്റം വന്നതായി പരിശീലനത്തിൽ പങ്കാളികളായവർ പറയുന്നു. പദ്ധതി മികച്ച വിജയമായതോടെ കൂടുതൽ മേഖലയിലേക്ക് ഇത് വ്യാപിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്തംഗം സി.വി. അനിൽകുമാർ പറഞ്ഞു.