കോട്ടയം-കുമരകം-ചേർത്തല പുതിയ ഇടനാഴി സാധ്യതാപഠനം നടത്തും
1537133
Thursday, March 27, 2025 11:48 PM IST
കോട്ടയം: ദേശീയ പാത 183 യെയും 66നെയും ബന്ധിപ്പിച്ചു കോട്ടയത്തുനിന്ന് ആരംഭിച്ച് കുമരകം, വെച്ചൂർ വഴി ചേർത്തലയിലേക്ക് പുതിയ ഇടനാഴി നിർമിക്കുന്നത് സംബന്ധിച്ച് സാധ്യതാപഠനം നടത്താൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിൻ ഗഡ്കരി ഉത്തരവിട്ടതായി കെ. ഫ്രാൻസിസ് ജോർജ് എംപി. റോഡ് നിർമാണം സംബന്ധിച്ച് മന്ത്രിയുമായി നേരിട്ട് ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.
കോട്ടയം കോടിമതയിൽനിന്ന് ആരംഭിച്ച് കുമരകം വെച്ചൂർ വഴി ചേർത്തലയ്ക്കുള്ള പാത നിർമിക്കുന്നത് സംബന്ധിച്ചുള്ള സാധ്യതാപഠനമാണ് നടത്തുന്നത്. ഇതു സംബന്ധിച്ച് പഠനം നടത്തി രണ്ട് മാസത്തിനകം റിപ്പോർട്ട് നൽകാൻ ദേശീയപാതാ അഥോറിറ്റി ബോർഡ് മെംബർ വെങ്കിട്ടരമണനെയാണ് മന്ത്രി ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു.
പി.ജെ. ജോസഫ് പൊതുമരാമത്ത് മന്ത്രി ആയിരുന്ന കാലത്ത് കേരള റോഡ് ഫണ്ട് ബോർഡ് നടത്തിയ വിശദമായ പഠന റിപ്പോർട്ടും നിവേദനത്തോടൊപ്പം മന്ത്രിക്ക് സമർപ്പിച്ചു.