ആശമാര്‍ക്ക് ഓണറേറിയം: യുഡിഎഫ് നീക്കത്തിന് നിയമക്കുരുക്കുണ്ടാകാം
1537132
Thursday, March 27, 2025 11:48 PM IST
കോട്ടയം: ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിക്കാന്‍ യുഡിഎഫ് ഭരണ പഞ്ചായത്തുകള്‍ ബജറ്റില്‍ പ്രഖ്യാപനം നടത്തിയെങ്കിലും ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കുമോ എന്നതില്‍ അവ്യക്തത. ആശമാര്‍ ദിവസങ്ങളായി സെക്രട്ടേറിയറ്റിനു മുമ്പില്‍ അനിശ്ചിതകാല സമരത്തിലാണ്.
കഴിഞ്ഞ നിയമസഭാ സമ്മേളനത്തിന്റെ അവസാന നാളില്‍ പ്രതിപക്ഷാംഗങ്ങള്‍ സമരപ്പന്തലിലെത്തി സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്നു ചേര്‍ന്ന യുഡിഎഫ് യോഗതീരുമാനപ്രകാരമാണ് യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകള്‍ ആശമാര്‍ക്ക് ഓണറേറിയം വര്‍ധിപ്പിക്കാനുള്ള തീരുമാനമെടുത്തത്. ജില്ലയില്‍ യുഡിഎഫ് ഭരിക്കുന്ന നിരവധി പഞ്ചായത്തുകള്‍ പുതിയ ബജറ്റില്‍ ഓണറേറിയം വര്‍ധിപ്പിക്കാന്‍ തുക വകയിരുത്തിയിട്ടുണ്ട്. ചില പഞ്ചായത്തുകള്‍ സ്കീം വര്‍ക്കേഴ്സിനായുള്ള പ്രോജക്ടിനൊപ്പമാണ് തുക വര്‍ധിപ്പിച്ചിരിക്കുന്നത്.
ഇത്തരം തുക വകയിരുത്തലിന് അംഗീകാരം നല്‍കേണ്ടത് ജില്ലാ ആസൂത്രണ സമിതിയാണ്. ഭരണപക്ഷത്തിനു മുന്‍തൂക്കമുള്ള ജില്ലാ ആസൂത്രണ സമിതി യുഡിഎഫ് ശിപാര്‍ശ അംഗീകരിക്കാന്‍ സാധ്യത കുറവാണ്.
സര്‍ക്കാര്‍ തീരുമാനത്തിനനുസരിച്ചാകും പഞ്ചായത്തുകളുടെ പ്രോജക്ടിനും ബജറ്റിനും അംഗീകാരം നല്‍കുകയെന്ന് ആസൂത്രണ സമിതിയംഗങ്ങള്‍ പറഞ്ഞു. നീണ്ടൂര്‍ പഞ്ചായത്തില്‍ ആശാവര്‍ക്കര്‍മാര്‍ക്ക് 2000 രൂപ അധികം നല്‍കണമെന്ന യുഡിഎഫ് ആവശ്യം എല്‍ഡിഎഫ് ഭരണസമിതി തള്ളിയിരുന്നു. ഓണറേറിയം വര്‍ധിപ്പിക്കാത്തതില്‍ യുഡിഎഫ് അംഗങ്ങള്‍ വിയോജനക്കുറിപ്പും എഴുതി. നവകേരള സദസ്, സര്‍ക്കാരിന്റെ വാര്‍ഷികാഘോഷം ഉള്‍പ്പെടെ പരിപാടികള്‍ക്ക് സാമ്പത്തികസഹായം നല്കുന്ന പഞ്ചായത്തുകള്‍ ആശമാരെ അവഗണിക്കുന്നതില്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.