ഇളങ്ങുളം ബാങ്ക് തട്ടിപ്പ്: വീണ്ടും രാഷ്ട്രീയവിചാരണ തുടങ്ങി
1537131
Thursday, March 27, 2025 11:48 PM IST
കോട്ടയം: കേരള സഹകരണ മേഖലയില്‍ അരങ്ങേറിയ ഏറ്റവും ആസൂത്രിത കൊള്ളയായിരുന്നു ഇളങ്ങുളം സഹകരണ ബാങ്ക് തിരിമറി. അക്കാലത്തെ ബാങ്ക് സെക്രട്ടറി കൂരാലി പനമറ്റം മുളങ്കുന്നത്തുറുമ്പില് എം. ഗോപിനാഥന് നായരെ 27 വര്‍ഷങ്ങള്‍ക്കു ശേഷം കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അമേരിക്കയിലേക്ക് പോകാന്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയപ്പോള്‍ ഗോപിനാഥന് നായരെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പോലീസിനു കൈമാറുകയായിരുന്നു. ഇതോടെ ജനം മറന്നുതുടങ്ങിയ ഇളങ്ങുളം ബാങ്ക് കൊള്ളയും രാഷ്ട്രീയ വിവാദങ്ങളും വീണ്ടും തലപൊക്കി.
ഇളങ്ങുളം സര്‍വീസ് സഹകരണ ബാങ്ക് തിരിമറി ഒതുക്കാന്‍ ഉന്നതതലങ്ങളിലാണ് നീക്കങ്ങളുണ്ടായത്. 1993-97 കാലത്ത് 3.68 കോടിയിലേറെ രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. വകുപ്പുതല അന്വേഷണത്തിനു പുറമേ പൊന്‍കുന്നം പോലീസും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ക്രമക്കേടുകളുടെ പേരില്‍ സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയതോടെയാണ് ക്രമക്കേടിന്റെ കണക്കുകള്‍ പുറത്തുവന്നു തുടങ്ങിയത്. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറുടെ റിപ്പോര്‍ട്ടു പ്രകാരം ബാങ്കിന്റെ മുന്‍ പ്രസിഡന്റും ചില ഡയറക്ടര്‍ ബോര്ഡംഗങ്ങളുമായിരുന്നു പ്രതിസ്ഥാനത്ത്. സെക്രട്ടറിയെയും രണ്ടു ജീവനക്കാരെയും സസ്പെൻഡ് ചെയ്യുകയല്ലാതെ ഡയറക്ടര്‍ ബോര്ഡംഗങ്ങള്ക്കെതിരേ നടപടിയൊന്നും എടുത്തിരുന്നില്ല. അന്ന് ഒളിവില്‍ പോയ ഗോപിനാഥന് നായരെയാണ് കഴിഞ്ഞ ദിവസം പിടികൂടിയത്.
ഈടു വാങ്ങാതെ വായ്പ നല്‍കിയും വ്യാജപേരില്‍ വായ്പ അനുവദിച്ചും തട്ടിപ്പു നടത്തിയതിനാണ് ഗോപിനാഥന് നായരെ പ്രതിയാക്കിയത്. 12 കേസുകളാണ് ഇദ്ദേഹത്തിനെതിരേ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബാങ്കിന് ഒന്നേമുക്കാല്‍ കോടി രൂപ കുടിശിക വരുത്തിയതിനാല്‍ ഗോപിനാഥന് നായരുടെ കൂരാലിയിലുള്ള രണ്ടു വീടുകള്‍ ജോയിന്റ് രജിസ്ട്രാറുടെ ഉത്തരവു പ്രകാരം ജപ്തി ചെയ്തിരുന്നു. 2023ല്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു.
ബാങ്ക് ക്രമക്കേടുകള്‍ മറച്ചു വയ്ക്കുന്നതിനു ഗോപിനാഥന് നായരുടെ നേതൃത്വത്തില്‍ കോട്ടയം ജില്ലാ ടൂറിസം വികസന സൊസൈറ്റി എന്ന സംഘടനയ്ക്കു രൂപം നല്‍കിയിരുന്നു. ബാങ്ക് പ്രസിഡന്റായിരുന്ന മദനമോഹന്‍ കര്‍ത്തയായിരുന്നു സൊസൈറ്റിയുടെയും പ്രസിഡന്റ്. 15 വര്‍ഷമായി അധികാരത്തിലിരുന്ന സിപിഎം ഭരണസമിതി വിവിധ തലങ്ങളില്‍ 30 കോടിയുടെ ക്രമക്കേട് നടത്തിയതായാണ് കണ്ടെത്തിയത്.
സിപിഎം നേതാക്കള്‍ പിടിയിലാകുമെന്ന് അറിഞ്ഞതോടെ ആദ്യം ഇടതു സര്‍ക്കാരും പിന്നീട് യുഡിഎഫ് സര്‍ക്കാരും അന്വേഷണം മരവിപ്പിച്ചതായാണ് ആരോപണം. നിക്ഷേപകര്‍ക്ക് പണം തിരിച്ചുനല്‍കാന്‍ കോട്ടയം ജില്ലാ സഹകരണ ബാങ്കില്‍ നിന്നും വായ്പയെടുത്തു. ആ വായ്പയും ഇളങ്ങുളം ബാങ്കിനു ബാധ്യതയായി. 13 കോടി രൂപയാണ് ജില്ലാ ബാങ്ക് നല്‍കിയത്. ഇത് പലിശയടക്കം ഇക്കാലത്തും കിട്ടാക്കടമാണ്. മുന്‍ സെക്രട്ടറിയെ പിടികൂടിയതോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.
ഇളങ്ങുളം ബാങ്ക് സെക്രട്ടറിയെ 27 വര്‍ഷം പിടികൂടാതെ സംരക്ഷണം നല്‍കിയത് എല്‍ഡിഎഫ്, യുഡിഎഫ് സഹകരണാധിഷ്ഠിത രാഷ്ട്രീയത്തിന്റെ വലിയ ദൃഷ്ടാന്തമാണെന്ന് ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡന്റ് ജി. ലിജിൻലാല്‍ കുറ്റപ്പെടുത്തി.