വഴിയോരക്കച്ചവടം നിരോധിക്കണം: രാജു അപ്സര
1537130
Thursday, March 27, 2025 11:48 PM IST
കോട്ടയം: ജില്ലയിലെ വഴിയോരങ്ങളിലെ അനധികൃത വ്യാപാരം ദിനംപ്രതി വര്‍ധിച്ചുവരുന്നതിനാല്‍ ചെറുകിട വ്യാപാരമേഖല തകര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അതിനാല്‍ വഴിയോരക്കച്ചവടം നിരോധിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര. സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റിനുമുന്പില് നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്തുപ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ വ്യാപാരഭവനില്നിന്നും പ്രകടനം ആരംഭിച്ച് കളക്ടറേറ്റിനു മുന്പില് എത്തിയശേഷം നടത്തിയ ധര്‍ണയ്ക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ എം. കെ. തോമസുകുട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.കെ.എന്‍. പണിക്കര്‍, ട്രഷറര്‍ സജി ജോസഫ്, വൈസ് പ്രസിഡന്റുമാരായ വി.സി. ജോസഫ്, കെ.ജെ. മാത്യു, പി. ശിവദാസ്, സെക്രട്ടറിമാരായ ഗിരീഷ് കോനാട്ട്, ടോമിച്ചന് അയ്യരുകുളങ്ങര, എബി സി. കുര്യന്, എം.എ. അഗസ്റ്റിന്, പി.എസ്. കുര്യാച്ചന്, സെക്രട്ടേറിയറ്റംഗങ്ങളായ കെ. എം. മാത്യു, ജിന്റു കുര്യന്, ഷാജി ഏബ്രഹാം, സജിമോന്‍ കെ. മിറ്റത്താനി തുടങ്ങിയവര്‍ പ്രസംഗിച്ചു.
വര്‍ധിച്ചുവരുന്ന വഴിയോരക്കച്ചവടത്തിനെതിരേ നടപടി സ്വീകരിക്കണമെന്നും അന്യായമായ തൊഴില്‍നികുതി വര്‍ധന പിന്‍വലിക്കണമെന്നും പ്ലാസ്റ്റിക്കിന്റെ പേരില്‍ കച്ചവട സ്ഥാപനങ്ങളില്‍ നടത്തുന്ന പരിശോധന അവസാനിപ്പിക്കണമെന്നും മുനിസിപ്പല്‍, പഞ്ചായത്ത് ലൈസന്‍സിന്റെ അന്യായമായ വ്യവസ്ഥകള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണു സമരം നടത്തിയത്.