ഇന്‍ഫാം കാര്‍ഷികമേഖലയുടെ മുഖച്ഛായ മാറ്റി: മാര്‍ ജോസ് പുളിക്കല്‍
1537089
Thursday, March 27, 2025 10:42 PM IST
പാറത്തോട്: കാര്‍ഷികമേഖലയുടെ മുഖച്ഛായ മാറ്റിയ പ്രസ്ഥാനമാണ് ഇന്ഫാമെന്നു കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല അസംബ്ലി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ സമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളെ സ്പര്‍ശിക്കുന്ന ഒരു ദേശീയ പ്രസ്ഥാനമായി മാറാന്‍ ഇന്‍ഫാമിനു കഴിഞ്ഞു. നാടിന്റെ വളര്‍ച്ചയ്ക്കും പുരോഗതിക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന കര്‍ഷകനും കാര്‍ഷിക മേഖലയും എല്ലാ രീതിയിലും വലിയ ആദരവ് അര്‍ഹിക്കുന്നവരാണെന്ന് തെളിയിക്കുവാന്‍ കഴിഞ്ഞ നാളുകള്‍കൊണ്ട് ഇന്‍ഫാം എന്ന ദേശീയ പ്രസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ടെന്നും മാര്‍ ജോസ് പുളിക്കല്‍ കൂട്ടിച്ചേര്‍ത്തു.
കര്‍ഷകന്റെയും കാര്‍ഷിക മേഖലയുടെയും അന്തസും അഭിമാനവും പൊതുസമൂഹത്തിന്റെ മുമ്പില്‍ ഉയര്‍ത്തുവാന്‍ ഇന്‍ഫാമിനു കഴിഞ്ഞുവെന്ന് അനുഗ്രഹപ്രഭാഷണം നടത്തിയ കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍ പറഞ്ഞു.
ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല പ്രസിഡന്റ് അഡ്വ. ഏബ്രഹാം മാത്യു പന്തിരുവേലില്‍ അധ്യക്ഷതവഹിച്ചു. ഇന്‍ഫാം ദേശീയ ചെയര്മാന് ഫാ. തോമസ് മറ്റമുണ്ടയില്‍ മുഖ്യപ്രഭാഷണം നടത്തി. കാര്‍ഷിക ജില്ല ജോയിന്റ് ഡയറക്ടര്‍മാരായ ഫാ. റോബിന് പട്രകാലായില്‍, ഫാ. ആല്ബിന് പുല്‍ത്തകിടിയേല്‍, ഫാ. ജിന്‍സ് കിഴക്കേല്‍, ദേശീയ ട്രഷറര്‍ ജെയ്സണ്‍ ജോസഫ് ചെംബ്ലായില്‍, ഇന്‍ഫാം സംസ്ഥാന സെക്രട്ടറി ഡോ.പി.വി. മാത്യു പ്ലാത്തറ, സംസ്ഥാന ട്രഷറര്‍ തോമസ് തുപ്പലഞ്ഞിയില്‍, കാര്‍ഷിക ജില്ല സെക്രട്ടറി തോമസുകുട്ടി വാരണത്ത്, ഇന്‍ഫാം മഹിളാസമാജ് ജോയിന്റ് ഡയറക്ടര്‍ സിസ്റ്റര്‍ ആനി ജോണ്‍ എസ്എച്ച്, ആന്‍സി സാജു കൊച്ചുവീട്ടില്‍, സാലിക്കുട്ടി തോമസ് വൈക്കുന്നേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കാര്‍ഷികജില്ല അസംബ്ലിയില്‍ അണക്കര, കുമളി, മുണ്ടിയെരുമ, ഉപ്പുതറ, പെരുവന്താനം, കട്ടപ്പന, മുണ്ടക്കയം, എരുമേലി, വെളിച്ചിയാനി, കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം, റാന്നി, പത്തനംതിട്ട കാര്‍ഷിക ജില്ലകളുടെ റിപ്പോര്‍ട്ട് അവതരണവും കാര്‍ഷിക താലൂക്കുകളില്‍ ഇന്‍ഫാം സംഘടനയുടെ ശക്തീകരണത്തെക്കുറിച്ചുള്ള അവതരണവും വരും വര്‍ഷം കാര്‍ഷിക താലൂക്കുകള്‍ കര്‍ഷകര്‍ക്കായി വിഭാവനം ചെയ്യുന്ന ക്ഷേമ പദ്ധതികളുടെ അവതരണവും നടന്നു. കാര്‍ഷിക താലൂക്ക് രക്ഷാധികാരികള്‍, ഡയറക്ടര്‍മാര്‍, എക്സിക്യൂട്ടീവ് മെംബര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.