ച​ങ്ങ​നാ​ശേ​രി: ബൊ​ക്ക ജൂ​ണി​യേ​ഴ്‌​സ് എ​ഫ്‌​സി സം​ഘ​ടി​പ്പി​ക്കു​ന്ന അ​ഡ്വ.​എ.​എം. ക​ല്യാ​ണ​കൃ​ഷ്ണ​ന്‍ നാ​യ​ര്‍ എ​ക്‌​സ് എം​എ​ല്‍എ മെ​മ്മോ​റി​യ​ല്‍ ട്രോ​ഫി​ക്കു​വേ​ണ്ടി​യു​ള്ള ഏ​ഴാ​മ​ത് അ​ഖി​ലേ​ന്ത്യ ഫ്‌​ളെ​ഡ്‌​ലി​റ്റ് സെ​വ​ന്‍സ് ഫു​ട്‌​ബോ​ള്‍ ടൂ​ര്‍ണ​മെ​ന്‍റ് ഏ​പ്രി​ല്‍ അ​ഞ്ചു മു​ത​ല്‍ 27 വ​രെ പെ​രു​ന്ന​യി​ലു​ള്ള (ളാ​യി​ക്കാ​ട്) കു​ഴി​മ​ണ്ണി​ല്‍ ഫ്‌​ളെ​ഡ്‌​ലി​റ്റ് ഫു​ട്‌​ബോ​ള്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കും. 10 നി​ല​ക​ളി​ലാ​യി നി​ര്‍മി​ക്കു​ന്ന താ​ത്കാ​ലി​ക ഗാ​ല​റി​യി​ല്‍ 5000 കാ​ണി​ക​ളെ​യാ​ണ് പ്ര​തി​ദി​നം പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ടൂ​ര്‍ണ​മെ​ന്‍റി​ന്‍റെ വി​ജ​യ​ത്തി​നാ​യി ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍എ മു​ഖ്യ ര​ക്ഷാ​ധി​കാ​രി​യും മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ കൃ​ഷ്ണ​കു​മാ​രി രാ​ജ​ശേ​ഖ​ര​ന്‍, വൈ​സ് ചെ​യ​ര്‍മാ​ന്‍ മാ​ത്യൂ​സ് ജോ​ര്‍ജ്, അ​ഡ്വ.​കെ. മാ​ധ​വ​ന്‍പി​ള്ള, രാ​ജാ അ​ബ്ദു​ള്‍ ഖാ​ദ​ര്‍, ടോ​ണി പു​ളി​ക്ക​ന്‍ എ​ന്നി​വ​ര്‍ ര​ക്ഷാ​ധി​കാ​രി​ക​ളാ​യും ക​മ്മി​റ്റി പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ച്ചു. അ​ഞ്ചി​ന് രാ​ത്രി ഏ​ഴി​ന് ര​ക്ഷാ​ധി​കാ​രി രാ​ജാ അ​ബ്ദു​ള്‍ ഖാ​ദ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ടൂ​ര്‍ണ​മെ​ന്‍റി​ന്‍റെ ഉ​ദ്ഘാ​ട​നം ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ നി​ര്‍വ​ഹി​ക്കും.

ഉ​ദ്ഘാ​ട​നമ​ത്സ​ര​ത്തി​ല്‍ ജിം​ഖാ​ന തൃ​ശൂ​ര്‍, സോ​ക്ക​ര്‍ ഷൊ​ര്‍ണൂ​രി​നെ നേ​രി​ടും. 22 ടീ​മു​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ സ​ന്തോ​ഷ് ട്രോ​ഫി താ​ര​ങ്ങ​ളും 60 വി​ദേ​ശ താ​ര​ങ്ങ​ളും ജേ​ഴ്‌​സി അ​ണി​യും. ടൂ​ര്‍ണ​മെ​ന്‍റി​നോ​ട​നു​ബ​ന്ധി​ച്ച് ഫു​ഡ് ഫെ​സ്റ്റും സം​ഘ​ടി​പ്പി​ക്കും. ടൂ​ര്‍ണ​മെ​ന്‍റ് ഫൈ​ന​ല്‍ പ​ന്ന്യ​ന്‍ ര​വീ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.