നെല്ല് സംഭരണത്തില്‍ നേരിടുന്ന കാലതാമസം ഒഴിവാക്കണമെന്ന്
1537030
Thursday, March 27, 2025 7:04 AM IST
ചങ്ങനാശേരി: കുട്ടനാട്ടിലെ കര്‍ഷകരുടെ നെല്ല് സംഭരിക്കാന്‍ ഉണ്ടായിരിക്കുന്ന വലിയ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കണ്ടെത്താന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കേരള അഗ്രികള്‍ച്ചറല്‍ വര്‍ക്കേഴ്സ് ഫോറം സംസ്ഥാന നേതൃസമ്മേളനം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുവാനും തീരുമാനിച്ചു.
മില്ല് ഉടമകളുടെ ഏകപക്ഷീയവും സംഘടിതവുമായ ഇടപെടലുകള്‍ എല്ലാ വര്‍ഷങ്ങളിലും ഉണ്ടാകാറുണ്ടെന്നും ഇതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ ഇടപെട്ട്, ഉദ്യോഗസ്ഥര്‍ നേരിട്ടു പാടശേഖരങ്ങളിലെത്തി നെല്ല് സംഭരണത്തിനു വേഗം കൂട്ടണമെന്നും യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് ഫാ. ജോണ്‍ വടക്കേക്കളം അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. തോമസ് മാത്യു പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന ഭാരവാഹികളായ പി.സി. കുഞ്ഞപ്പന്, ജോളി നാല്പതാംകളം, ജോയ് മാളിയേക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.