മാർച്ചിലെ റേഷന്‍ വിതരണത്തിന് മൂന്നു ദിവസം; പായിപ്പാട്ടും തൃക്കൊടിത്താനത്തും കടകളില്‍ സാധനങ്ങളെത്തിയില്ല
1537027
Thursday, March 27, 2025 7:04 AM IST
ചങ്ങനാശേരി: മാര്‍ച്ച് മാസത്തെ റേഷന്‍ വിതരണം പൂര്‍ത്തിയാകാന്‍ ഇനി മൂന്നുദിവസം മാത്രമുള്ളപ്പോള്‍ താലൂക്കിലെ നിരവധി റേഷന്‍കടകളില്‍ സാധനങ്ങള്‍ എത്തിയില്ലെന്നു പരാതി. പായിപ്പാട്, തൃക്കൊടിത്താനം പഞ്ചായത്തുകളില്‍പ്പെട്ട റേഷന്‍കടകളിലാണ് റേഷന്‍ സാമഗ്രികള്‍ എത്താത്തത്. ഗോഡൗണില്‍നിന്നും റേഷന്‍ സാധനങ്ങള്‍ കടകളിലെത്തിക്കുന്ന കരാറുകാരനും അധികൃതരും തമ്മിലുള്ള തര്‍ക്കമാണ് കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
സംസ്ഥാനത്തെ റേഷന്‍കടകളില്‍ വാതില്‍പ്പടിയില്‍ സാധനങ്ങളെത്തിക്കുന്ന കരാറുകാര്‍ക്ക് ലക്ഷക്കണക്കിനു രൂപ കുടിശിക നല്‍കാനുണ്ട്. കഴിഞ്ഞ 15നാണ് ചങ്ങനാശേരി താലൂക്കിലെ റേഷന്‍ വിതരണം കരാറുകാരന് ആരംഭിച്ചത്. 147 റേഷന്‍കടകളാണ് താലൂക്കിലുള്ളത്. ഇനിയും മുപ്പതോളം കടകളില്‍ റേഷന്‍ സാധനങ്ങള്‍ എത്താനുള്ളതായാണ് കണക്ക്.
30, 31 തീയതികള്‍ അവധിയായതിനാല്‍ ഇന്നുള്‍പ്പെടെ ഇനി മൂന്നു ദിവസങ്ങളേ ഈ മാസത്തെ റേഷന്‍ വിതരണത്തിന് അവശേഷിക്കുന്നുള്ളൂ. റേഷന്‍ സാധനങ്ങളെത്താത്തത് വ്യാപാരികള്‍ക്കും ബുദ്ധിമുട്ടായിരിക്കുകയാണ്.