ചങ്ങനാശേരി റെയില്‍വേ ജംഗ്ഷന് ഫ്ളൈ ഓവർ: 85.68 കോടിയുടെ പുതുക്കിയ ഭരണാനുമതി
1537025
Thursday, March 27, 2025 7:04 AM IST
ചങ്ങനാശേരി: ചങ്ങനാശേരി ബൈപാസില്‍ റെയില്‍വേ ജംഗ്ഷനില്‍ നിര്‍മിക്കുന്ന ഫ്ളൈ ഓവറിനു 85.68 കോടിയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചതായി ജോബ് മൈക്കിള്‍ എംഎല്‍എ അറിയിച്ചു. നേരത്തേ പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 62.11 കോടി രൂപയായിരുന്നു പദ്ധതിച്ചെലവ്. ഇപ്പോള്‍ ഡിഎസ്ആര്‍, ചരക്ക് സേവന നികുതി, യൂട്ടിലിറ്റി ഷിഫ്റ്റിംഗ്, സ്പാനുകളുടെ സാങ്കേതിക വ്യതിയാനം തുടങ്ങിയ കാരണങ്ങളാലാണ് പദ്ധതി ചെലവ് 62.11 കോടി രൂപയില്‍നിന്ന് 85.68 കോടി രൂപയായി ഉയര്‍ത്തുന്നതിന് ഇടയാക്കിയത്.
ജോബ് മൈക്കിള്‍ എംഎല്‍എ, ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍, കിഫ്ബി യുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ.കെ.എം. ഏബ്രഹാം തുടങ്ങിയവരുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് അടങ്കല്‍ തുക പുതുക്കി ഉത്തരവായത്. കിഫ്ബിയുടെ 52-ാമത് ജനറല്‍ ബോഡി യോഗത്തിലാണ് നിര്‍ദേശം വിശദമായി പരിശോധിച്ചശേഷം പദ്ധതിയുടെ ധനസഹായം പരിഷ്കരിക്കുന്നതിന് അംഗീകാരം നല്‍കിയത്.
ഫ്ളൈ ഓവറിന് 1060 മീറ്റര്‍ നീളം ഒമ്പതു മീറ്റര്‍ വീതി
ഫ്ളൈ ഓവറിന്റെ ആകെ നീളം 1060 മീറ്ററും വീതി ഒമ്പതു മീറ്ററുമാണ്. കോട്ടയം സൈഡിലെ അപ്രോച്ച് റോഡിനു 290 മീറ്ററും, തിരുവല്ല സൈഡിന് 140 മീറ്ററുമാണ്. റെയില്‍വേ സ്റ്റേഷനു സമീപത്ത് ആരംഭിച്ച് കാന്താരി റസ്റ്ററന്റിനു സമീപം അവസാനിക്കുന്ന തരത്തിലാണ് നിര്‍മാണം. വ്യാപാരികള്‍ക്കും മറ്റുള്ളവര്‍ക്കും ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ എംഎല്‍എ യുടെ നിര്‍ദേശപ്രകാരം എട്ടു മീറ്റര്‍ വീതിയുള്ള 1265 മീറ്റര്‍ സര്‍വീസ് റോഡ് രണ്ടു വശങ്ങളിലും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വെള്ളത്തിന്റെ സുഗമമായ ഒഴുക്കിന് മൂന്ന് ബോക്സ് കലുങ്കുകള്‍, 590 മീറ്റര്‍ സംരക്ഷണ ഭിത്തി, 267 സോഡിയം വേപ്പര്‍ ലൈറ്റുകള്‍, 184 സോളാര്‍ എല്‍ഇഡി ലൈറ്റുകള്‍, റോഡ് സേഫ്റ്റി നടപടികള്‍ തുടങ്ങിയവയും പദ്ധതിയില്‍ ഉറപ്പാക്കിയിട്ടുണ്ട്.
സ്ഥലമേറ്റെടുപ്പ് അവസാന ഘട്ടത്തില്‍
സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ടിട്ടുള്ള 69 കേസുകളില്‍ 64ലും തീരുമാനമായി, കക്ഷികള്‍ക്കു തുക ലഭ്യമാക്കിയിട്ടുണ്ട്. കോടതിയെ സമീപിച്ച അഞ്ചുപേരുടെ തുക കോടതിയില്‍ കെട്ടിവച്ചിട്ടുണ്ട്. പദ്ധതി ടെന്‍ഡര്‍ നടപടിയിലേക്കു കടന്നിരിക്കുകയാണ്.
ജോബ് മൈക്കിള്‍ എംഎല്‍എ