വഴിയച്ചന് സ്മാരകമൊരുക്കി കല്ലറ പഞ്ചായത്ത്
1537015
Thursday, March 27, 2025 6:55 AM IST
കടുത്തുരുത്തി: കേരളത്തിലെ നിരവധി റോഡുകളുടെ തലതൊട്ടപ്പന് എന്നറിയപ്പെടുന്ന വഴിയച്ചന് (ഫാ. തോമസ് വിരുത്തിയില്‍) കല്ലറ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്മാരകമൊരുക്കുന്നു. കല്ലറയിലെ ഗ്രാമീണ റോഡുകളുടെ നിര്‍മിതിയിലും പുനര്നിര്മാണങ്ങളിലും ഫാ.തോമസ് വിരുത്തിയില്‍ നടത്തിയ നേതൃത്വപരമായ ഇടപെടലുകളെ മാനിച്ചാണ് കല്ലറ പഞ്ചായത്ത് ഭരണസമിതി സ്മാരകം പൂര്‍ത്തിയാക്കിയത്.
കല്ലറ-ഇടയാഴം റോഡില്‍ കല്ലുകടവ് ഭാഗത്ത് പെരുന്തുരുത്ത് പാലത്തിനു സമീപം പഞ്ചായത്തുവക പുറന്പോക്ക് ഭൂമിയിലാണ് ഫാ.തോമസ് വിരുത്തിയിലിന്റെ പൂര്‍ണകായ പ്രതിമയും വഴിയോര വിശ്രമകേന്ദ്രവും പൊതുജനപങ്കാളിത്തത്തോടെ പൂര്‍ത്തിയാക്കിയത്. നാളെ മന്ത്രി വി.എന്‍. വാസവന് പ്രതിമ അനാഛാദനം ചെയ്യും.
വഴിയില്ലാതെ വലയുന്നവര്‍ക്ക് വഴി നിര്‍മിച്ചു കൊടുക്കാനുള്ള ദൗത്യം സ്വയം ഏറ്റെടുത്ത ഫാ. തോമസ് വിരുത്തിയില്‍ 1000 കിലോമീറ്ററിലധികം റോഡാണ് വെട്ടിത്തീര്‍ത്തത്.
കല്ലറ വിരുത്തിയില്‍ (മുട്ടത്താഴത്ത്) കുടുംബാംഗമായ ഫാ.തോമസ് 1961 ലാണ് പൗരോഹിത്യം സ്വീകരിച്ചത്. ഇടവക ഭരണത്തില്നിന്നൊഴിഞ്ഞ ഫാ. തോമസ് പിന്നീട് തെരഞ്ഞെടുത്തത് വഴി നിര്‍മാണമെന്ന മഹാദൗത്യമായിരുന്നു. വഴിയില്ലാത്തിടത്ത് വഴി നിര്‍മിക്കുകയെന്നത് അദ്ദേഹത്തിന്റെ ജീവിത ലക്ഷ്യമായി.
കല്ലറ-വെച്ചൂര്‍ പഞ്ചായത്തുകളിലെ തുരുത്തുകൾ സംയോജിപ്പിച്ചു പുഞ്ചപ്പാടത്തിലൂടെ എട്ട് കിലോമീറ്റര്‍ നീളത്തില്‍ റോഡ് നിര്‍മിച്ചതും വഴിയച്ചനായിരുന്നു. എറണാകുളം, കോട്ടയം ജില്ലകളിലെ അവികസിത മേഖലകളിലായി മുന്നൂറിലധികം റോഡുകളാണ് വഴിയച്ചന്റെ നേതൃത്വത്തില്‍ നിര്‍മിച്ചത്. 12 കിലോമീറ്ററോളം ദൂരമുള്ള കല്ലറ-ഇടയാഴം റോഡാണ് വഴിയച്ചന് നിര്‍മിച്ച ഏറ്റവും നീളം കൂടിയ റോഡ്. നിരവധി പാലങ്ങളും അദേഹം പൂര്‍ത്തിയാക്കി. 15 മീറ്റര്‍ നീളമുള്ള കൊടുതുരുത്ത് പാലം, മുടക്കാലി പാലം എന്നിവയുടെ നിര്‍മാണത്തിലും വഴിയച്ചന്റെ സംഭാവനയുണ്ട്.
കുടുംബ ഓഹരി വിറ്റു കിട്ടിയ പണവും വഴിയച്ചന് റോഡിനും പാലത്തിനുമായി വിനിയോഗിച്ചു. വഴി വെട്ടാൻ അച്ചന് കയറിയിറ ങ്ങാത്ത സര്‍ക്കാര്‍ ഓഫീസുകള്‍ ഇല്ലെന്നുതന്നെ പറയാമെന്ന് പഴമക്കാര്‍ പറയുന്നു.
ദിനീഷ് കെ. പുരുഷോത്തമനാണ് വഴിയച്ചന്റെ പ്രതിമ നിര്‍മിച്ചത്. സ്നേഹാരാമം പദ്ധതിയില്‍പ്പെടുത്തിയാണ് പ്രതിമയും വഴിയോര വിശ്രമകേന്ദ്രവും പൂര്‍ത്തിയാക്കിയതെന്ന് പഞ്ചായത്ത് പ്രസഡന്റ് ജോണി തോട്ടുങ്കല്‍ പറഞ്ഞു.
നാളെ വൈകുന്നേരം അഞ്ചിനു നടക്കുന്ന സമ്മേളനത്തില്‍ സി.കെ. ആശ എംഎല്‍എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് കൊട്ടുകാപ്പള്ളി, ജോണി തോട്ടുങ്കല്‍, ജോയി കോട്ടായില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.