കരിയാറിൽ പോളയും പുല്ലും നീക്കൽ ആരംഭിച്ചു
1537012
Thursday, March 27, 2025 6:55 AM IST
വൈക്കം: കരിയാറിൽ തോട്ടകം ഷാപ്പിനു സമീപത്തുനിന്നു കരിയാർ സ്പിൽവേ വരെ വളർന്നു തിങ്ങിയ പോളയും പായലും നീക്കുന്ന പ്രവർത്തനം പുരോഗമിക്കുന്നു. വളരെ ആഴത്തിൽ വേരാഴ്ത്തി വളർന്നു കരിയാറിൽ വ്യാപിച്ച കടകലും പോളയുമാണ് രണ്ട് ഹിറ്റാച്ചികൾ ഉപയോഗിച്ചു നീക്കുന്നത്. പുല്ലും പായലും നീക്കുന്നതിനൊപ്പം ആറ്റിലെ നീരൊഴുക്കു തടസപ്പെടുത്തുന്ന വിധത്തിൽ അടിഞ്ഞുകൂടിയ ചെളിയടക്കമുള്ള മാലിന്യങ്ങളും നീക്കിയാൽ മാത്രമേ ഇപ്പോഴത്തെ ശുചീകരണം കൊണ്ട് പ്രയോജനമുണ്ടാകൂ എന്ന് പ്രദേശവാസികൾ പറയുന്നു.
പത്തുലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. തോട്ടകം പള്ളിക്കു സമീപം 60 മീറ്ററോളം വീതിയുള്ള കരിയാറിനു കുറുകെ തീർത്ത ഓരുമുട്ടിനു നടുവിൽ16 മീറ്ററോളം വീതിയിലാണ് വലിയാനപുഴ പാലം നിർമിച്ചത്. കരിയാർ പൂർണമായി ഒഴുക്കുന്ന തരത്തിൽ പാലം നിർമിച്ചാൽ മാത്രമേ കരിയാറിന്റെ സജീവത വീണ്ടെടുക്കാനും വെള്ളപ്പൊക്ക ദുരിതങ്ങൾക്ക് അറുതിവരുത്താനും കഴിയൂ.
തോട്ടകം പള്ളിക്കു സമീപത്തെ ഓരുമുട്ടിനു പകരം പൂർണമായി കരിയാറിൽ നീരൊഴുക്ക് സാധ്യമാകുന്ന തരത്തിൽ പാലം തീർത്താൽ അത് വിനോദ സഞ്ചാര മേഖലയുടെ വികസനത്തിനും ആക്കംകൂട്ടും.