വൈദ്യുതിലൈനില്‍ തട്ടി കണ്ടെയ്നര്‍ ലോറിക്കു തീപിടിച്ചു
1537011
Thursday, March 27, 2025 6:55 AM IST
കടുത്തുരുത്തി: വൈദ്യുതിലൈനില്‍ തട്ടി കണ്ടെയ്നര്‍ ലോറിക്കു തീപിടിച്ചു. നാട്ടുകാരുടെയും ഫയര്‍ഫോഴ്സിന്റെയും സമയോചിത ഇടപെടലിനെത്തുടര്‍ന്ന് വന്‍ദുരന്തം ഒഴിവായി. ഇന്നലെ രാവിലെ ആറോടെ കടുത്തുരുത്തി പള്ളി റോഡിലാണ് സംഭവം.
കടുത്തുരുത്തി സെന്റ് മേരീസ് വലിയപള്ളിയുടെ നവീകരണം നടക്കുന്ന പാരിഷ് ഹാളില്‍ സ്ഥാപിക്കുന്നതിനുള്ള എയര്‍ കണ്ടീഷന്‍ ഉപകരണങ്ങളുമായെത്തിയ കണ്ടെയ്നര്‍ ലോറിയിലാണ് തീപിടിത്തമുണ്ടായത്. ഗുജറാത്തില്‍നിന്ന് ഉപകരണങ്ങളുമായെത്തിയ ലോറിയുടെ മുകള്ഭാഗം വൈദ്യുതി ലൈനില്‍ തട്ടി തീപ്പൊരി ഉണ്ടാവുകയായിരുന്നു.
ലോറിയുടെ അകത്തേക്കു വീണ തീപ്പൊരി ഉള്ളിലുണ്ടായിരുന്ന കവറുകളിലും മറ്റും പടര്‍ന്ന് തീ വ്യാപിച്ചു. ഈ ഭാഗത്ത് ഉണ്ടായിരുന്ന ഉപകരണങ്ങള്‍ കത്തിനശിച്ചു. 9 വീതം ഇന്‍ഡോര്‍, ഔട്ട് ഡോര്‍ ഉപകരണങ്ങളാണ് ലോറിയിലുണ്ടായിരുന്നത്. ആറ് ഇന്‍ഡോര്‍ ഉപകരണങ്ങളാണ് കത്തിനശിച്ചത്.
പരിചയമില്ലാത്ത റോഡില്‍ അശ്രദ്ധയോടെ ലോറി ഓടിച്ചു കയറ്റിയതാണ് അപകടത്തിനു കാരണമായത്. ലോറിയില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. രാവിലെയായതിനാല്‍ ടൗണില്‍ ആളുകള്‍ ഉണ്ടായിരുന്നതിനാല്‍ ലോറിക്ക് തീ പിടിച്ചത് കാണുകയും ഉടന്‍തന്നെ ഫയര്‍ഫോഴ്സില്‍ വിവരമറിയിക്കാനും കഴിഞ്ഞു. വിളിച്ചയുടന്തന്നെ സ്ഥലത്തെത്തിയ ഫയര്‍ഫേഴ്സ് തീ പടരാതെ ഉടന്‍ അണച്ചതാണ് വലിയ അപകടം ഒഴിവാക്കിയത്. ഇതിനിടെ കെഎസ്ഇബി ജീവനക്കാരെത്തി വൈദ്യുതിലൈന്‍ ഓഫാക്കുകയും ചെയ്തു.
തീ പടരുകയും ഗ്യാസ് നിറച്ച ഉപകരണങ്ങള്‍ പൊട്ടിത്തെറിക്കുകയും ചെയ്തിരുന്നെങ്കില്‍ വൻ ദുരന്തം സംഭവിക്കുമായിരുന്നെന്ന് ഫയര്‍ഫോഴ്സ് ജീവനക്കാര്‍ പറഞ്ഞു. പിന്നീട് കെഎസ്ഇബി ലൈന്‍ ഓഫാക്കിയ ശേഷമാണ് വൈദ്യുതി ലൈനില്‍ കുരുങ്ങിയ ലോറി റോഡില്‍നിന്നു പിന്നോട്ടെടുത്ത് മാറ്റിയത്.