സഹോദരനെ കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം തടവ്
1536990
Thursday, March 27, 2025 6:44 AM IST
തൊടുപുഴ: സഹോദരനെ തലയ്ക്കടിച്ചു കൊന്ന പ്രതിക്കു ജീവപര്യന്തം തടവും പിഴയും. അടിമാലി ആനവിരട്ടി ചുട്ടിശേരിൽ പൗലോസിന്റെ മകൻ അരുണ്‍ പോളിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ സഹോദരൻ അൻവിൻ പോളിനെ (മനു) യാണ് ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴയ്ക്കും തൊടുപുഴ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി പി.എൻ. സീത ശിക്ഷിച്ചത് .
2016 ഓഗസ്റ്റ് 28 നായിരുന്നു കേസിനാസ്പദമായ സംഭവം. മരിച്ച അരുണും ഇളയ സഹോദരൻ അൻവിനും മദ്യപാനികളും പരസ്പരം കലഹിക്കുന്നവരുമായിരുന്നു. സംഭവദിവസം സമീപത്തു വിവാഹ വീട്ടിൽനിന്ന് മദ്യപിച്ചെത്തിയ അരുണ്‍ അൻവിനുമായി വഴക്കുണ്ടാവുകയും തുടർന്നു കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു.
പിതാവ് പൗലോസ്, മാതാവ് ലിസി എന്നിവരാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. അയൽവാസികളായ ലിസിയുടെ സഹോദരൻ ഷാജി, ഭാര്യ റീന എന്നിവരായിരുന്നു കേസിലെ പ്രധാനസാക്ഷികൾ. കേസിന്റെ വിസ്താരത്തിനിടെ പിതാവ് പൗലോസും മാതൃസഹോദരൻ ഷാജിയും മരിച്ചതോടെ മാതാവ് ലിസിയും സഹോദരഭാര്യയും കൂറു മാറുകയും പിതാവ് പൗലോസുമായുണ്ടായ പ്രശ്നത്തിലാണ് അരുണ്‍ കൊല്ലപ്പെട്ടതെന്ന് നിലപാടെടുക്കുകയും ചെയ്തത് പ്രോസിക്യൂഷന് തലവേദന സൃഷ്ടിച്ചിരുന്നു.
എന്നാൽ, മറ്റു സാക്ഷിമൊഴികളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിൽ കൂറുമാറിയ സാക്ഷികളുടെ മൊഴികൾ വിശ്വസനീയമല്ലെന്ന് കോടതി കണ്ടെത്തി. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ വി.എസ്. അഭിലാഷ് ഹാജരായി.