ബോധിനിലയം സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു
1536987
Thursday, March 27, 2025 6:44 AM IST
കോട്ടയം: വൈഎംസിഎ ബോധിനിലയം സ്പെഷൽ സ്കൂളിനായി കോട്ടയം സിഎംഎസ് കോളജ് വാലിയിൽ പണിത സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം വെസ്റ്റ് ബംഗാൾ ഗവർണർ ഡോ.സി.വി. ആനന്ദബോസ് നിർവഹിച്ചു. വൈഎംസിഎ പ്രസിഡന്റ് അനൂപ് ജോൺ ചക്കാലയിൽ അധ്യക്ഷത വഹിച്ചു. കോട്ടയം മുനിസിപ്പൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ, ബോധിനിലയം സ്കൂൾ ചെയർമാൻ ഏബ്രഹാം കുര്യൻ പാലാമ്പടം, ജനറൽ സെക്രട്ടറി ഷൈജു വർഗീസ്, ഹെഡ്മിസ്ട്രസ് ഏലിയാമ്മ തോമസ് എന്നിവർ പ്രസംഗിച്ചു.
കോട്ടയം വൈഎംസിഎയുടെ ആഭിമുഖ്യത്തിൽ 1989ൽ ആരംഭിച്ച ബോധിനിലയം സ്പെഷൽ സ്കൂൾ 36 വർഷം പിന്നിടുന്ന അവസരത്തിലാണ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനമാരംഭിക്കുന്നത്.
നഗരപരിധിയിലുള്ള ഭിന്നശേഷിക്കാരായ 67 കുട്ടികൾ ഈ സ്ഥാപനത്തിൽ പഠിക്കുന്നുണ്ട്. സ്പീച്ച് തെറാപ്പി, ഫിസിയോ തെറാപ്പി, ഒക്കുപേഷണൽ തെറാപ്പി, യോഗ, ഡാൻസ് എന്നിവയിൽ സ്ഥിരമായി പരിശീലനവും കുട്ടികൾക്ക് നൽകി വരുന്നു. പേപ്പർ ബാഗ് നിർമാണം, ബുക്ക് ബൈൻഡിംഗ്, കരകൗശല വസ്തുക്കളുടെ നിർമാണം തുടങ്ങിയവയും കുട്ടികളെ പഠിപ്പിക്കുന്നു.
ക്ലാസുകളെല്ലാം സൗജന്യമാണ്. വൈഎംസിഎ ചാരിറ്റബിൾ ആൻഡ് സർവീസ് ട്രസ്റ്റിന്റെ കീഴിലാണ് സ്കൂൾ ഇപ്പോൽ പ്രവർത്തിക്കുന്നത്.