കരുവള്ളിക്കാട് കുരിശുമല തീർഥാടനം നാളെമുതൽ
1536986
Thursday, March 27, 2025 6:44 AM IST
ചുങ്കപ്പാറ: ചങ്ങനാശേരി അതിരൂപതയിലെ നിർമലപുരം കരുവള്ളിക്കാട് സെന്റ് തോമസ് മൗണ്ടിലേക്കുള്ള തീർഥാടനത്തിന് നാളെ തുടക്കമാകും. അതിരൂപതയിലെ വിവിധ ഫൊറോനകളുടെ നേതൃത്വത്തിലാണ് കുരിശുമല തീർഥാടനം ക്രമീകരിച്ചിരിക്കുന്നത്. നാല്പതാം വെള്ളിയാഴ്ചയായ ഏപ്രിൽ 11നാണ് പ്രധാന തീർഥാടനം. വിശുദ്ധ വാരത്തിലും തീർഥാടനവും പ്രത്യേക ശുശ്രൂഷകളും ക്രമീകരിക്കും. പുതുഞായറായ ഏപ്രിൽ 27 വരെ തുടരുന്നതാണ് തീർഥാടനം.
നാളെ ചങ്ങനാശേരി, തുരുത്തി ഫൊറോനകളും 29നു തൃക്കൊടിത്താനം, കുറുന്പനാടം ഫൊറോനകളും 30ന് തിരുവനന്തപുരം, അന്പൂരി, കൊല്ലം, ആയൂർ ഫൊറോനകളും ഏപ്രിൽ നാലിന് കോട്ടയം, കുടമാളൂർ ഫൊറോനകളും അഞ്ചിന് ആലപ്പുഴ, മുഹമ്മ, അതിരന്പുഴ ഫൊറോനകളും ആറിന് ചന്പക്കുളം, എടത്വ, ചെങ്ങന്നൂർ ഫൊറോനകളും തീർഥാടനം നടത്തും.
നാല്പതാം വെള്ളിയാഴ്ച രാവിലെ ഏഴിന് പുളിങ്കുന്ന് ഫൊറോനയുടെ നേതൃത്വത്തിൽ തീർഥാടനം. ഉച്ചകഴിഞ്ഞ് 2.30ന് ചുങ്കപ്പാറ സെന്റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളിയിൽനിന്നും തീർഥാടനം ആരംഭിക്കും. ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ സന്ദേശം നൽകും.
മൂന്നിന് വിശുദ്ധ കുരിശിന്റെ വഴി പള്ളിയിൽ നിന്നാരംഭിക്കും. 12 മുതൽ വിവിധ സംഘടനകൾ നേതൃത്വം നൽകുന്ന തീർഥാടനം ഉണ്ടാകും. ഏപ്രിൽ 16ന് 3.30ന് തീർഥാടനത്തെ തുടർന്ന് ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം പീഡാനുഭവ ധ്യാനചിന്തകൾ പങ്കുവയ്ക്കും.