കോടതിയുടെ പരിധി ചുരുക്കി; ഏറ്റുമാനൂരിൽ പ്രതിഷേധം
1536985
Thursday, March 27, 2025 6:44 AM IST
ഏറ്റുമാനൂർ: ഏറ്റുമാനൂർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ പരിധി ചുരുക്കാൻ നീക്കം. അഭിഭാഷകരും അഭിഭാഷക ക്ലർക്കുമാരും പ്രതിഷേധിച്ചു. ഏറ്റുമാനൂർ കോടതിയുടെ പരിധിയിൽവരുന്ന ഗാന്ധിനഗർ പോലീസ് സ്റ്റേഷനെ കോട്ടയം ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-രണ്ടിലേക്ക് മാറ്റാനുള്ള നീക്കമാണ് നടക്കുന്നത്.
ഗാന്ധിനഗർ പോലീസ് സ്റ്റേഷനെ കോട്ടയം കോടതിയിലേക്ക് മാറ്റാനുള്ള തീരുമാനം ഹൈക്കോടതിയിൽ നിന്നുണ്ടായതായി അറിഞ്ഞ് 2023ൽ ഏറ്റുമാനൂർ ബാർ അസോസിയേഷൻ ഹൈക്കോടതിയിൽ ഹർജി നൽകുകയും ഒരു മാസത്തിനു ശേഷം ഹർജി തീർപ്പാക്കുകയും ചെയ്തിരുന്നു.
എന്നാൽ, തുടർന്നുള്ള നടപടിക്രമങ്ങൾ യഥാസമയം പൂർത്തിയാക്കിയില്ല. കഴിഞ്ഞ 14ന് പുതിയ ഉത്തരവ് വന്നതോടെ ബാർ അസോസിയേഷൻ വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഏറ്റുമാനൂർ കോടതിയിൽ കേസുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞത് അഭിഭാഷകരെയും അഭിഭാഷക ക്ലർക്കുമാരെയും പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിൽ ഗാന്ധിനഗർ സ്റ്റേഷനെ കോട്ടയം കോടതിയിലേക്കു മാറ്റുന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് അഭിഭാഷകരും അഭിഭാഷക ക്ലർക്കുമാരും പറയുന്നു.
ഇന്നലെ ഏറ്റുമാനൂരിൽ അഭിഭാഷകർ പ്രതിഷേധ മാർച്ചും കോടതി പരിസരത്ത് സമ്മേളനവും നടത്തി. പ്രതിഷേധ സമ്മേളനം നഗരസഭാ ചെയർപേഴ്സൺ ലൗലി ജോർജ് ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. സിബി വെട്ടൂർ അധ്യക്ഷത വഹിച്ചു.
അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം, ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ദീപ ജോസ്, ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി, ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. കെ.ആർ. മനോജ്കുമാർ, ട്രഷറർ അഡ്വ. ജയ്സൺ ജോസഫ്, അഭിഭാഷകരായ ബി. ജയചന്ദ്രൻ, കെ.എസ്. അമ്പിളി, ആർ. ലേഖ, മൈക്കിൾ ജയിംസ്, പ്രശാന്ത് രാജൻ, രാജേഷ് സി. മോഹൻ, സി.ആർ. സിന്ധുമോൾ, അഡ്വക്കേറ്റ് ക്ലർക്ക്സ് അസോസിയേഷൻ പ്രതിനിധി ടി. ജയകുമാർ എന്നിവർ പ്രസംഗിച്ചു.