ശൗചാലയം വിശ്രമകേന്ദ്രമായി; മുഖംമാറ്റം അറിഞ്ഞില്ലെന്ന് പഞ്ചായത്തംഗം
1536467
Wednesday, March 26, 2025 12:00 AM IST
കുറവിലങ്ങാട്: നേരം ഇരുണ്ടുവെളുത്തപ്പോൾ ശൗചാലയം വഴിയോര വിശ്രമകേന്ദ്രമായി. പഞ്ചായത്ത് പൊതുമാർക്കറ്റിനു സമീപമാണ് മുഖംമാറ്റി കെട്ടിടം പുതിയ രൂപത്തിൽ എത്തിയത്. ടേക്ക് എ ബ്രേക്ക് പദ്ധതിയിൽ വഴിയോര വിശ്രമ കേന്ദ്രമായതായാണ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടുള്ളത്.
എന്നാൽ, തന്റെ വാർഡിൽ നടന്ന ഈ പ്രവർത്തനം സംബന്ധിച്ചു തീരുമാനങ്ങൾ ഇല്ലെന്നും അറിയില്ലെന്നുമാണ് പഞ്ചായത്തംഗം ഡാർലി ജോജി പറയുന്നത്. പഞ്ചായത്ത് ഭരണസമിതി നടത്തുന്ന തട്ടിപ്പാണ് വ്യക്തമായിട്ടുള്ളതെന്നും അവർ കൂട്ടിച്ചേർത്തു. കംഫർട്ട് സ്റ്റേഷൻ നവീകരണം എന്ന പേരിലാണു നാലുലക്ഷം രൂപ വകയിരുത്തിയിരുന്നതെന്നും വാർഡംഗം പറയുന്നുണ്ട്. എന്നാൽ നിലവിൽ വഴിയോര വിശ്രമകേന്ദ്രമെന്നാണ് ശൗചാലയത്തിനു ബോർഡ് സ്ഥാപിച്ചിട്ടുള്ളത്. ഈ കെട്ടിടത്തിൽ ഒരിടത്തും വിശ്രമത്തിന് ഒരുവിധം സാധ്യതകളും ഇല്ലെന്നിരിക്കേയാണ് വിശ്രമകേന്ദ്രമെന്ന തലക്കെട്ട് നൽകിയിട്ടുള്ളത്.
വഴിയോര വിശ്രമ കേന്ദ്രത്തിന്റെ പേരിൽ വീണ്ടും പഞ്ചായത്തിൽ ആക്ഷേപങ്ങൾ തലപൊക്കിയിരിക്കുകയാണ്. കോഴായിൽ എംസി റോഡിനു സമാന്തരമായി സർക്കാർ പാടത്തോടു ചേർന്നു വഴിയോര വിശ്രമകേന്ദ്രം ലക്ഷ്യമിട്ടത് വാദപ്രതിവാദങ്ങൾക്ക് ഇട നൽകിയിരുന്നു. നാടുകുന്ന് ഭാഗത്ത് ഗ്രാമോദ്യാനം എന്ന പേരിൽ ആരംഭിച്ച വഴിയോര വിശ്രമകേന്ദ്രത്തിനു മതിയായ അറ്റകുറ്റപ്പണികൾ യഥാസമയം നടത്തിയില്ലെന്നും ആക്ഷേപങ്ങൾ ഉയർന്നിരുന്നു.