പാലാ അല്‍ഫോന്‍സ കോളജിന് എന്‍എസ്എസ് മോസസ് ട്രോഫി
1536466
Wednesday, March 26, 2025 12:00 AM IST
പാലാ: എന്‍എസ്എസ് മോസസ് ട്രോഫി പാലാ അല്‍ഫോന്‍സ കോളജ് കരസ്ഥമാക്കി. എംജി സര്‍വകലാശാല നാഷണല്‍ സര്‍വീസ് സ്കീം മൂന്നു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി നല്കുന്ന ഏറ്റവും വലിയ പുരസ്കാരമായ മോസസ് ട്രോഫിയാണ് ഇത്തവണ അല്‍ഫോന്‍സ കോളജ് കരസ്ഥമാക്കിയത്. 29 വര്‍ഷങ്ങള്‍ക്കു ശേഷമാണ് മോസസ് ട്രോഫിയില്‍ കോളജ് വീണ്ടും മുത്തമിടുന്നത്. 2021 മുതല്‍ 2024 വരെയുള്ള കാലയളവിലെ മികവുറ്റ പ്രവര്‍ത്തനങ്ങളിലൂടെയാണ് അല്‍ഫോന്‍സായിലെ പെണ്‍പട ഈ നേട്ടം കൈവരിച്ചത്.
നിര്‍ധനരും രോഗികളുമായ ഭവനരഹിതരെ കണ്ടെത്തി 34 വീടുകള്‍ നിര്‍മിച്ചു നല്കി. കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും പാലാ രൂപത ഹോം പ്രോജക്ടുമായി സഹകരിച്ചാണ് ഈ സ്നേഹവീട് പദ്ധതി എന്‍എസ്എസ് പൂര്‍ത്തിയാക്കിയത്. മീനച്ചിലാര്‍ സംരക്ഷണം, രണ്ട് വില്ലേജ് ദത്തെടുക്കല്‍, കളരിയമ്മാക്കല്‍ ചെക്ക്ഡാം ശുചീകരണം, സഞ്ചാരികളെ ആകര്‍ഷിക്കുന്ന കാവാലിപ്പുഴക്കടവ് മിനി ബീച്ച് ദത്തെടുത്തുള്ള പ്രവര്‍ത്തനങ്ങള്‍, പാലാ സബ് ജയിലില്‍ പച്ചക്കറിത്തോട്ട നിര്‍മാണം, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ലഹരിക്കെതിരേയുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍, മാലിന്യനിര്‍മാര്‍ജനം, പ്ലാസ്റ്റിക് രഹിത കാമ്പസ്, എല്ലാ ആഴ്ചയും അഗതിമന്ദിരങ്ങളില്‍ ഉച്ചഭക്ഷണ വിതരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെയാണ് അല്‍ഫോന്‍സ കോളജ് ഒന്നാമതെത്തിയത്.
എംജി സര്‍വകലാശാലയില്‍ നടന്ന അവാര്‍ഡ്ദാന ചടങ്ങില്‍ മന്ത്രി വി.എന്‍. വാസവന് പുരസ്കാരം കോളജിന് സമ്മാനിച്ചു. മികച്ച എന്‍എസ്എസ് സൗഹൃദ പ്രിന്‍സിപ്പല്‍, മികച്ച പ്രോഗ്രാം ഓഫീസര്‍, മികച്ച വോളണ്ടിയര്‍ എന്നിവര്‍ക്കുള്ള പുരസ്കാരങ്ങള്‍ യഥാക്രമം റവ.ഡോ. ഷാജി ജോണ്‍ പുന്നത്താനത്തുകുന്നേല്, ഡോ. സിമിമോള്‍ സെബാസ്റ്റ്യന്‍, ആഷാ വി. മാര്ട്ടിന് എന്നിവര്‍ ഏറ്റുവാങ്ങി. വൈസ് ചാന്‍സലര്‍ ഡോ. സി. ടി. അരവിന്ദകുമാര്‍ അധ്യക്ഷത വഹിച്ചു.
എന്‍എസ്എസ് റീജണല്‍ ഡയറക്ടര്‍ വൈ.എം. ഉപിന്, എന്‍എസ്എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. ഇ.എന്‍. ശിവദാസന്‍, കോളജ് ബര്‍സാര്‍ ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ മഞ്ജു എലിസബത്ത് കുരുവിള, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ സിസ്റ്റര്‍ ഡോ. ജെയ്മി ഏബ്രഹാം, ഡോ. റോസ് മേരി ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.