കര്‍ഷക പോരാട്ടത്തിനൊടുവില്‍ മില്ലുകാര്‍ മുട്ടുമടക്കി
1536453
Tuesday, March 25, 2025 11:59 PM IST
കോട്ടയം: നെല്‍കര്‍ഷകരുടെ തളരാത്ത പ്രതിഷേധങ്ങള്‍ക്കു മുന്നില്‍ മില്ലുടമകള്‍ മുട്ടുമടക്കി. 24 ശതമാനം കിഴിവ് ചോദിച്ച മില്ലുകാരുടെ നെറികേടിനും അവര്‍ക്ക് ഒത്താശ ചെയ്ത പാഡി ഓഫീസര്‍മാരുടെ നിഷ്ക്രിയത്വത്തിനുമെതിരേ കര്‍ഷകപ്രതിനിധികളും യുഡിഎഫ് നേതാക്കളും തിങ്കളാഴ്ച പാഡി ഓഫീസില്‍ നടത്തിയ ഉപരോധത്തിനൊടുവില്‍ ഇന്നലെ നടന്ന ഉന്നതതല ചര്‍ച്ചയിലാണ് തീരുമാനം.
24 ശതമാനം കിഴിവിനു വിലപേശിയ തിരുവാര്‍പ്പ് മാടേകാട് പാടശേഖരത്തില്‍ അഞ്ചു ശതമാനം കിഴിവിന് നെല്ലെടുക്കും. 15 ശതമാനം കിഴിവ് ആവശ്യപ്പെട്ട മണ്ണങ്കര പാടശേഖരത്തില്‍ നാലു ശതമാനം കിഴിവിനു സംഭരിക്കും.
സര്‍ക്കാര്‍ പ്രതിനിധികളായി കൃഷിവകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനും സിവില്‍ സപ്ലൈസ് ഡയറക്ടര്‍ എസ്. അശ്വതിയും ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവലും പങ്കെടുത്തു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സി. ജോ ജോസ്, പാഡി മാനേജര്‍ കെ. അനിത, പാഡി ഓഫീസര്‍ അനുജ ജോര്‍ജ്, സിപിഐ ജില്ലാ സെക്രട്ടറി വി.ബി. ബിനു, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, കര്ഷകസംഘടനാപ്രതിനിധികളായ കെ.എം. രാധാകൃഷ്ണന്, ജി. ഗോപകുമാര്‍, കെ.കെ. ചന്ദ്രബാബു, ഇ.എന്‍. ദാസപ്പന്, അഡ്വ. ജോസഫ് ഫിലിപ്പ്, തോമസുകുട്ടി മണക്കുന്നേല്‍, റജീന അഷ്റഫ്, വി.ജെ. ലാലി, കെ. ബിനിമോന്, ജേക്കബ് കുരുവിള, പി.ബി .ലാലുമോന്, എ.ജി. അജയകുമാര്‍, സുനില്‍ പി. ജോര്‍ജ്, പി.കെ. സജീവ്, ടി.എം. രാജന്, ചാക്കോ ജോസഫ്, എം.ടി. ജോസഫ്, കെ.വി. ഷാജി, ജിതിന് ജയിംസ്, മില്ലുടമാപ്രതിനിധികളായ കെ.കെ. കര്ണന്, വര്‍ക്കി പീറ്റര്‍, എന്‍.പി. ഷാജു, എ.കെ. ടോമി, ഇ.ജി. സുരേഷ്ബാബു, സജികുമാര്‍, കെ.എം. അബ്ദുള്‍ കാസി, ജോണ്സണ് വര്‍ഗീസ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജില്ലയില്‍ ഇതുവരെ 20 ശതമാനം പാടങ്ങളിലാണ് കൊയ്ത്ത് പൂര്‍ത്തിയായത്.
ശേഷിക്കുന്ന പാടങ്ങളില്‍ കൊയ്ത്ത് തുടങ്ങുമ്പോള്‍ത്തന്നെ നെല്ല് സംഭരിക്കാന്‍ മില്ലുകളെ അലോട്ട് ചെയ്യും. ഒരു പാടശേഖരത്തിലെ നെല്ല് പൂര്‍ണമായി സംഭരിക്കാതെ മറ്റൊരിടത്ത് നെല്ലെടുക്കില്ലെന്നാണ് ധാരണ. തുടക്കത്തില്‍ നിശ്ചയിക്കുന്ന കിഴിവ് നിരക്ക് കൊയ്ത്ത് അവസാനിക്കുംവരെ തുടരും.
പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ലോറി എത്തുന്ന റോഡ് വരെ കര്‍ഷകര്‍ നെല്ല് എത്തിച്ചുകൊടുക്കണം. രണ്ടു ശതമാനം കിഴിവില്‍ സംഭരണം തുടങ്ങിയ മാടേക്കാട് കഴിഞ്ഞ ദിവസം 24 ശതമാനം കിഴിവുചോദിച്ച നടപടിയെ സര്‍ക്കാര്‍ പ്രതിനിധികള്‍ വിമര്‍ശിച്ചു. അവിടെ ഇനി അഞ്ചു ലോഡ് നെല്ലാണ് സംഭരിക്കാനുള്ളത്.
കര്‍ഷകരുടെ കഠിനാധ്വാനത്തില്‍ വിളയിച്ച നെല്ല് തോട്ടില്‍ ഒഴുക്കാനും കാട്ടില്‍ എറിയാനുമൊക്കെയായിരുന്നു കിഴിവു പേശിയവരോട് മില്ലുകാരുടെ അധിക്ഷേപം. കഴിഞ്ഞ കൃഷിയില്‍ കിഴിവിന്റെ പേരില്‍ 80 കോടി രൂപ മില്ലുകാര്‍ കര്‍ഷകരെ പറ്റിച്ചെടുത്തതായി നെല്‍കര്‍ഷക സംരക്ഷണ സമിതി രക്ഷാധികാരി വി.ജെ. ലാലി ചൂണ്ടിക്കാട്ടി.
ഇടനിലക്കാരുടെയും പാഡി ഓഫീസര്‍മാരുടെയും മില്ലുകാരുടെയും ചൂഷണം അവസാനിപ്പിക്കാന്‍ ശാശ്വത നടപടിയുണ്ടാകണമെന്നും ആവശ്യമുയര്‍ന്നു. ഈ സീസണില്‍ 59 മില്ലുകളാണ് നെല്ലെടുക്കാന്‍ കരാര്‍ ഒപ്പിട്ടിരിക്കുന്നത്. എന്നാല്‍ 30 മില്ലുകള്‍ മാത്രമേ കോട്ടയം ജില്ലയില്‍ സംഭരണം നടത്തുന്നുള്ളൂ.
യോഗതീരുമാനങ്ങൾ
1-തിരുവാര്‍പ്പ് കൃഷിഭവന് പരിധിയിലെ ചെങ്ങളം മാടേക്കാട് പാടശേഖരം, കുറിച്ചി മണ്ണങ്കര കുറിഞ്ഞിക്കാട്ട് പാടശേഖരം എന്നിവിടങ്ങളില്‍ അവശേഷിക്കുന്ന നെല്ല് അടിയന്തരമായി സംഭരിക്കും. നിലവിലെ കരാര്‍ വ്യവസ്ഥകള്‍ക്കനുസരിച്ചായിരിക്കും സംഭരണം.
2-വലിയ വാഹനമെത്തുന്നിടത്ത് നെല്ല് എത്തിച്ചുനല്‍കണമെന്ന മില്ലുടമകളുടെ ആവശ്യം കര്‍ഷകര്‍ അംഗീകരിച്ചു.
3-കൊയ്ത്തു നടക്കാനുള്ള പാടശേഖരങ്ങളിലെ നെല്ലുസംഭരണം സുഗമവും വേഗത്തിലുമാക്കുന്നതിനായി കൊയ്ത്തു നടക്കുന്ന തീയതി പാടശേഖരസമിതി അറിയിക്കുന്നതിന്റെ തൊട്ടടുത്ത ദിവസം മില്ല് ഏതെന്ന് നിശ്ചയിച്ചുനല്‍കും.
4-പാടശേഖരസമിതി ഭാരവാഹികളും മില്ലുടമകളും തമ്മില്‍ ഗുണനിലവാരം സംബന്ധിച്ച ധാരണയിലെത്തണം. അല്ലെങ്കില്‍ പാടശേഖരസമിതിയുടെയും മില്ലുടമാപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ ഗുണനിലവാര പരിശോധന (ക്വാളിറ്റി ചെക്ക്) നടത്തി അതനുസരിച്ച് നെല്ലെടുപ്പിനു ധാരണയുണ്ടാക്കും.
5-ഒരു പാടശേഖരത്തിലെ നെല്ലെടുപ്പിനു മില്ലിനെ നിയോഗിച്ചാല്‍ കാലതാമസം വരുത്താതെതന്നെ നെല്ലെടുത്തു തുടങ്ങണം.
6-മുഴുവന്‍ നെല്ലും തുടര്‍ച്ചയായി എടുക്കണം, മുടക്കം വരുത്തരുത്. മഴയടക്കമുള്ള കാലാവസ്ഥാപ്രശ്നങ്ങള്‍ മൂലം നെല്ല് കേടാകുന്ന സാഹചര്യമുണ്ടാകുന്നപക്ഷം ഇരുകൂട്ടരും തമ്മില്‍ ചര്‍ച്ചചെയ്ത് രമ്യമായ പരിഹാരമുണ്ടാക്കണം